ലോക കേരളസഭയുടെ കണക്ക് പുറത്ത് വിടണം: കുമ്മനം

Sunday 4 February 2018 7:37 pm IST

തിരുവനന്തപുരം:  ലോക കേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമുണ്ടെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നിയമസഭാ സ്പീക്കറുടെ അരലക്ഷത്തിന്റെ കണ്ണടയും നാലു ലക്ഷത്തിന്റെ ചികിത്‌സയ്ക്കും പിന്നാലെയാണ് അടുത്ത വിവാദം. അതിനാല്‍ സ്പീക്കര്‍  മുന്‍കൈയെടുത്ത് ലോക കേരളസഭ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.  

 പരസ്യം, ഭക്ഷണം,അലങ്കാരം, വാഹനയാത്ര, വിമാനക്കൂലി തുടങ്ങിയക്ക്  ടെന്‍ഡര്‍ വിളിക്കാതെയാണ് പണം ചെലവഴിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ സര്‍ക്കാര്‍ ഉരുണ്ട് കളിക്കുന്നു. പുതിയ രേഖകള്‍ തട്ടിക്കൂട്ടി ഫയലില്‍ വെക്കാനുള്ള അണിയറ നീക്കവുമുണ്ട്.   ഒരു സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പതിനേഴുലക്ഷത്തിനാണ് ഭക്ഷണത്തിന് കരാര്‍ നല്‍കിയത്. 

അന്‍പതിനായിരത്തില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് നിയമാനുസൃതം ടെന്‍ഡര്‍ വിളിക്കണം. അതുണ്ടായിട്ടില്ല.  അതിഥികള്‍ ഭക്ഷണം കഴിച്ച പ്ലേറ്റുകള്‍ സ്വകാര്യ ഹോട്ടലുകാര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാസ്‌ക്കറ്റ് ഹോട്ടലിലെ തൊഴിലാളികളെക്കൊണ്ട് കഴുകിച്ചു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം തൊഴിലാളികള്‍ക്കിടയിലുണ്ട്.

മുഖ്യമന്ത്രിയുടെ ഒരു ഉപദേശിയും ആരോപണവിധേയരായ പതിവു കഥാപാത്രങ്ങളും തന്നെയാണ് ഇതിന്റെയും ഗുണഭോക്താക്കള്‍. വിദേശത്തുജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെയാണ് ഡെലിഗേററ് ആയി വിളിക്കുന്നത് എന്നാണ് നോട്ടിഫിക്കേഷനില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വന്നവരില്‍ വിദേശത്തു പൗരത്വമുള്ള നിരവധി പേരുണ്ടായിരുന്നു. കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് നിയമസഭയെ ഉപയോഗപ്പെടുത്തിയതായും കുമ്മനം ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.