സിനിമാ വിശേഷങ്ങളുമുണ്ട് രാമചന്ദ്രന്

Sunday 4 February 2018 8:25 pm IST

     ഇന്നു സോഷ്യല്‍ മീഡിയയില്‍ കമ്പംകേറുന്ന ടാഗ് ലൈന്‍ എന്ന വാക്ക് ഇല്ലാതിരുന്ന കാലത്തുതന്നെ ലോകമാകമാനമുള്ള മലയാളികളില്‍ വേരുപിടിച്ച പരസ്യവാചകമാണ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം. അക്ഷര സ്ഫുടതയോട് അതി കണിശം കാട്ടിയപ്പോഴുണ്ടായ ചെറിയൊരു ഏങ്കോണിപ്പു കലര്‍ന്ന പറച്ചിലാണ് ഈ പരസ്യവാചകത്തെ  പ്രശസ്തമാക്കിയത്. തലമുറകളായി അതൊരു കേള്‍വി പുതുമയായി ഇന്നും നിലനില്‍ക്കുന്നു. അതിന്റെ ഉടമയെ അങ്ങനെ എല്ലാവരും അറിഞ്ഞു, അറ്റ്‌ലസ് രാമചന്ദ്രന്‍. അറ്റ്‌ലസ് ജ്വല്ലറിയുടെ ഉടമ. സ്വന്തം സ്ഥാപനത്തിനുവേണ്ടിത്തന്നെയാണ് അദ്ദേഹം സ്വന്തം ശബ്ദം നല്‍കിയത്.വമ്പന്‍ പരസ്യങ്ങള്‍ പലതുംവന്നിട്ടും അവയെയെല്ലാം വകഞ്ഞുമാറ്റി റേഡിയോയിലും ചാനലുകളിലും കാലങ്ങളായി നിന്നത് രാമചന്ദ്രന്റെ പരസ്യവാചകമാണ്.

        ഇന്നു പക്ഷേ രാമചന്ദ്രന്‍ മാധ്യമങ്ങളില്‍ നിറയുന്നത് കടംമൂലം ജയിലില്‍  കഴിയുന്ന അദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം നടത്തുന്ന വലിയ ശ്രമങ്ങളുടെ ഭാഗമായുള്ളവാര്‍ത്തകളിലാണ്. കേന്ദ്ര മന്ത്രി സുഷമാ സ്വരാജും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ.രാജഗോപാല്‍ എംഎല്‍എയും നിരന്തര  ശ്രമമാണ് രാമചന്ദ്രന്റെ മോചനത്തിനായി നടത്തുന്നത്.സ്വദേശത്തും വിദേശത്തും നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള വ്യവസായി എന്നപേരില്‍ രാമചന്ദ്രന്‍ പൊതുവെ അറിയുമ്പോഴും അത്രതന്ന അറിയാത്ത,അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ മാത്രം ഓര്‍ത്തെടുക്കുന്ന ഒരുവിശേഷണംകൂടിയുണ്ട് രാമചന്ദ്രന്.നിര്‍മാതാവും നടനുമായ കലാസ്‌നേഹി.

       കലാമൂല്യവും വിപണിമൂല്യവും നിറഞ്ഞ് മലയാള സിനിമാ ചരിത്രത്തില്‍ ഇടംനേടിയ സിനിമകളുടെ നിര്‍മാതാവ് എന്ന മേല്‍വിലാസമാണ് രാമചന്ദ്രനുള്ളത്.പറയുമ്പോള്‍ മലയാളികള്‍ പെട്ടെന്നോര്‍ക്കും.ഇന്നും മനസില്‍വെച്ചോമനിക്കുന്ന ചിത്രങ്ങള്‍. വൈശാലി,വാസ്തുഹാര,ധനം,സുകൃതം.ഇതിഹാസത്തിന്റെ ഒരു ചീന്ത് കീറിയെടുത്ത് എം.ടി രചനനിര്‍വഹിച്ച് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈശാലി.ഭരതന്‍ ചിത്രങ്ങളുടെ വ്യത്യസ്താനുഭവ വിശേഷമായിരുന്നു വൈശാലി. ഇതിഹാസത്തിനുമേല്‍ ദൃശ്യാവിഷ്‌ക്കാരത്തിന്റെ മറ്റൊരു ഇതിഹാസം തീര്‍ക്കുകയായിരുന്നു ഭരതന്‍. സുപര്‍ണ്ണ, സഞ്്്്ജയ്്, ഗീത, ബാബു ആന്റെണി, നെടുമുടി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. 1988ല്‍ ഇറങ്ങിയ ഈ ചിത്രം ഇന്നും പുതുമ തന്നെയാണ് പ്രേക്ഷകര്‍ക്ക്. സിവി.ശ്രീരാമന്റെ അതേ പേരിലുള്ള കഥയാണ്. അരവിന്ദന്‍ സംവിധാനം ചെയ്ത വാസ്തുഹാര മോഹന്‍ലാല്‍ നായക ചിത്രമാണ്. കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ അഭയാര്‍ഥി പ്രശ്‌നവും കുടിയേറ്റവുമൊക്കെ പ്രമേയമാകുന്ന ഈ സിനിമ ദുരൂഹത നിറഞ്ഞതാണെന്നു പറയപ്പെടുന്ന മറ്റു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. 1991ലാണ് വാസ്തുഹാര റിലീസായത്.മമ്മൂട്ടി നായകനായി ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം മലയാള സിനിമയിലെ തന്നെ സുഹൃതം എന്നാണറിയപ്പെടുന്നത്. എംടിയാണ് രചന.മനോജ്.കെ.ജയനും ഗൗതമിയും ശാന്തികൃഷ്ണയുമായിരുന്നു താരങ്ങള്‍.മോഹന്‍ ലാലും മുരളിയും നായകന്മാരായ ധനം 91ലാണിറങ്ങിയത്.സംവിധാനം സിബി മലയില്‍. ലോഹിതദാസാണ് രചന.

      ചന്ദ്രകാന്ത ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രങ്ങളെല്ലാം കാണികളെ ആകര്‍ഷിച്ചവയാണ്.വെറും കച്ചവടസിനിമകള്‍ പിടിച്ചു ലാഭം ഉണ്ടാക്കുന്നതിനു പകരം മേന്മയുള്ള ചിത്രങ്ങളെടുക്കാനാണ് രാമചന്ദ്രന്‍ ഇഷ്ടപ്പെട്ടത്. നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകളും ഇവയില്‍ മൂന്നു ചിത്രങ്ങള്‍ നേടുകയുണ്ടായി. യൂത്ത് ഫെസ്റ്റിവെല്‍,അറബിക്കഥ,ആനന്ദൈഭരവി,മലബാര്‍ വെഡിംഗ്്് തുടങ്ങി എട്ടോളം ചിത്രങ്ങളിലും രാമചന്ദ്രന്‍ നടനായിട്ടുണ്ട്. 2011ല്‍ ഹോളിഡേയ്‌സ്. രാമചന്ദ്രന് സിനിമാ വിശേഷങ്ങള്‍ ഇപ്പഴും ഉണ്ടാകാം.പക്ഷേ സിനിമാക്കാരില്‍ രാമചന്ദ്രന്‍ വിശേഷമാകുന്നുണ്ടോ.                     

 

                      

        

   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.