സിന്ദാബാദ് സിന്ദാബാദ്, സ്വന്തം കാര്യം സിന്ദാബാദ്

Monday 5 February 2018 2:30 am IST

കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളില്‍ ഒരു ചലച്ചിത്രത്തിനായി മെഹബൂബ് എന്ന  ഗായകന്‍ പാടിയ ഗാനത്തിന്റെ ആദ്യ വരികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. ഇതുവരെ കേരളത്തെ ഭരിച്ചവരും ഇന്നു ഭരിക്കുന്നവരുമായ ഇടതു-വലതു മുന്നണി രാഷ്ട്രീയ നേതാക്കളുടെയും അവരുടെ ഇഷ്ടക്കാരുടെയും മാത്രമല്ല, ഇക്കൂട്ടരെ ഏതു രീതിയിലും സഹായിക്കാന്‍ തയ്യാറാകുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജീവിതശൈലിയായിത്തീര്‍ന്നിരിക്കുകയാണിത്.

'സ്വന്തം കാര്യം സിന്ദാബാദ്' ആണ് സാധാരണക്കാരായ യാത്രക്കാര്‍ക്കു രാപകല്‍ സേവനം നല്‍കിവരുന്ന കെഎസ്ആര്‍ടിസിയെന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക കഷ്ടപ്പാടുകളുടെ മുഖ്യകാരണം. സേവനത്തില്‍നിന്നും വിരമിച്ചവര്‍ക്ക് ന്യായമായി ലഭിക്കേണ്ട പെന്‍ഷന്‍ തുക മാസങ്ങളോളം ലഭിക്കാത്ത സ്ഥിതിയാണ്.

സാമ്പത്തിക സമ്പാദ്യം ഇല്ലാത്തവര്‍ക്ക് മാസന്തോറും ലഭിക്കേണ്ട പെന്‍ഷന്‍ തുകയാണ് അവരുടെ കുടുംബാംഗങ്ങളുടെ ഏക ജീവനോപാധി. കര്‍ണാടക സര്‍ക്കാര്‍ അവരുടെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മക്കള്‍ക്ക് പ്രതിമാസ പഠന സ്‌കോളര്‍ഷിപ്പ്, അപകടങ്ങള്‍ ഒന്നും വരുത്താത്ത ബസ് ഡ്രൈവര്‍മാര്‍ക്ക് സുവര്‍ണ പതക്കവും 'ശൗര്യ പ്രശസ്തി മെഡലും'  പ്രശസ്ത സേവനം നടത്തിയ ജീവനക്കാര്‍ക്ക് 20,000 രൂപവരേയും നല്‍കുന്നു. നമ്മുടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇവയൊന്നും നല്‍കിയില്ലെങ്കിലും മുടക്കമില്ലാതെ പെന്‍ഷന്‍ തുകയെങ്കിലും നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സേവനത്തിലിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് മൂന്ന് ലക്ഷം രൂപ പ്രത്യേക ഇന്‍ഷുറന്‍സ് സഹായ പദ്ധതിയും കര്‍ണാടക കെഎസ്ആര്‍ടിസിയിലുണ്ട്.

നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിവരുന്ന പെന്‍ഷന്‍ തുക കൈപ്പറ്റുന്നവരെ പ്രധാനമായി രണ്ടുവിഭാഗത്തില്‍പ്പെടുത്താം. അവരവരുടെ സേവന മേഖലാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ ധനമെത്തിക്കുന്നവരും ധനം എത്തിക്കേണ്ടാത്തവരുമാണ് ആ രണ്ടു വിഭാഗങ്ങള്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സര്‍ക്കാര്‍ ഖജനാവില്‍ ധനമെത്തിക്കുന്നവരില്‍പ്പെടുന്നു. ഈ ജീവനക്കാരിലെ ബഹുഭൂരിപക്ഷവും രാത്രിയും പകലും മാറിമാറി സേവനം നല്‍കുന്നവരാണ്. ഇവരുടെ പൊതു അവധി ദിനങ്ങളും കുറവാണ്. എന്നാല്‍ പകല്‍വേളകളില്‍ മാത്രം സേവനം നല്‍കിയാല്‍ മതിയാകുന്നവരും വര്‍ഷത്തില്‍ മൊത്തം ഏകദേശം മൂന്നുമാസക്കാലം അവധിക്കാലമനുഭവിക്കുന്നവരും സര്‍ക്കാര്‍ ഖജനാവില്‍ ധനമെത്തിക്കേണ്ടാത്തവരുമായ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ എല്ലാവര്‍ക്കും മുടക്കമില്ലാതെ പെന്‍ഷന്‍ തുക സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. അവര്‍ക്ക് പെന്‍ഷന്‍ തുക കൃത്യമായി നല്‍കരുതെന്നല്ല, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും മുടക്കമില്ലാതെ പെന്‍ഷന്‍ തുക നല്‍കണമെന്നാണ് ഉദ്ദേശിക്കുന്നത്.  പെന്‍ഷന്‍ തുക കൊണ്ടുമാത്രം ജീവിക്കുന്ന ബാങ്ക് മുന്‍ ഉദ്യോഗസ്ഥനായ ഒരു വ്യക്തിയാണ് ഇതെഴുതുന്നവനെന്ന് അറിയിക്കട്ടെ.

നമ്മുടെ കെഎസ്ആര്‍ടിസിയെ പത്തുവര്‍ഷത്തിനകം ലാഭത്തിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ആ സമയത്തിനകം നഷ്ടം നികത്തി കട ബാധ്യത ഇല്ലാതാക്കാന്‍, നിസ്വാര്‍ത്ഥ പ്രവര്‍ത്തനോപദേശം നല്‍കുവാന്‍ കഴിവുള്ളവരുണ്ട്. ഇതിനായുള്ള പ്രവൃത്തിപരിചയം അവര്‍ക്കേറെയുണ്ട്. ഇവരുടെ സേവനം നമ്മുടെ സര്‍ക്കാര്‍ ലഭ്യമാക്കി കെഎസ്ആര്‍ടിസിയെ സാമ്പത്തിക ഉന്നതിയില്‍ എത്തിക്കണം. അങ്ങനെ ജീവനക്കാര്‍ക്ക് മാസശമ്പളവും വിരമിച്ചവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തുകയും കൃത്യമായി നല്‍കുവാന്‍ സാധിക്കുമെന്നുറപ്പാക്കാം.

വാ. ലക്ഷ്മണപ്രഭു, എറണാകുളം 

ധാര്‍മികതയും നീതിന്യായ വ്യവസ്ഥയും

നമ്മുടെ നീതിന്യായവ്യവസ്ഥിതി ആകെയൊന്ന് അവലോകനം ചെയ്യാന്‍ സമയമായില്ലേ?

കുറ്റകൃത്യങ്ങളും വിചാരണയും ശിക്ഷാവിധികളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അനാദികാലം മുതല്‍ അതിവിടെയുണ്ട്. ഭാരതത്തില്‍ ഗ്രാമത്തലവന്മാര്‍ മുതല്‍ രാജാക്കന്‍മാര്‍വരെ നടത്തിയിരുന്ന നീതിന്യായ സംവിധാനം അപാകങ്ങളേറെയുണ്ടെങ്കിലും അതില്‍ ധാര്‍മികത നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ശുചീന്ദ്രം ക്ഷേത്രത്തിലെ കൈമുക്ക് മുതല്‍ക്കിങ്ങോട്ട് പരിശോധിച്ചാല്‍ കാര്യം വ്യക്തമാകും. 

പുരാതനഭാരതത്തില്‍ നീതി നടത്തിപ്പില്‍ ദൈവത്തിനും പ്രകൃതിക്കും അതില്‍ അനിഷേധ്യമായ പങ്കുണ്ടായിരുന്നു. അതിനാല്‍ത്തന്നെ നടപ്പിലാക്കുന്ന നീതിയില്‍ അപഭ്രംശത്തിന് സാധ്യതയുണ്ടായിരുന്നില്ല. കാലം മാറി, ശാസ്ത്രം പുരോഗമിച്ചു. ഇന്ന് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമാത്രമല്ല, വേട്ടക്കാരന്‍ അനായാസം ഊരിപ്പോരുന്നതും കാണാം. ആംഗ്ലോ-സാക്സിക്കന്‍ നിയമവ്യവസ്ഥയുടെ ഒരു ന്യൂനതയാണത്. അതേസമയം ഭാരതീയമായ ധാര്‍മികതയുടെ അഭാവവും.

കേസുകളുടെ വിചാരണയുടെ ആരംഭത്തില്‍ തന്നെ കേള്‍ക്കാം കുറ്റാരോപിതനെ പുറത്തുവിട്ടാല്‍ സ്വാധീനം ഉയോഗിച്ച് തെളിവുകള്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന്. അതേസമയം, ഈശ്വരനോടുള്ള ഭയഭക്തിബഹുമാനങ്ങള്‍ മൂലവും മനസ്സാക്ഷിയേയും വിശ്വാസപ്രമാണങ്ങളെയും ഭയന്നും നീതിനിര്‍വഹണത്തില്‍ നിയുക്തരായവര്‍ അലംഭാവം കാണിച്ച ചരിത്രം വിരളമാണ്.

ഇന്നത്തെ നീതിന്യായവ്യവസ്ഥയിലെ ന്യൂനതകള്‍ മൂലമാണ് പാവപ്പെട്ടവന് നീതി ലഭിക്കാത്തതും ധനികര്‍ പെട്ടെന്ന് ഊരിപ്പോരുന്നതും.

കാലിത്തീറ്റ കുംഭകോണത്തില്‍ ആ മിണ്ടാപ്രാണികള്‍ക്ക് നീതി ലഭിക്കാന്‍ എത്ര കാലം കാത്തിരിക്കേണ്ടി വന്നു. സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചോ?

ക്യാപ്റ്റന്‍ കെ. വേലായുധന്‍ 

കണ്ണഞ്ചേരി, കോഴിക്കോട്

കെഎസ്ആര്‍ടിസി വിധി സ്വാഗതാര്‍ഹം

വിരമിച്ച ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കണമെന്ന  ഹൈക്കോടതിവിധി സ്വാഗതാര്‍ഹം.  സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് പെന്‍ഷന്‍ നല്‍കാതിരുന്നത് സര്‍വീസ് കോണ്‍ട്രാക്റ്റിന്റെ നഗ്‌നമായ ലംഘനമായിരുന്നു.  കെഎസ്ആര്‍ടിസിക്കുവേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയവര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തത് നീതിമത്കരിക്കാനാവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഭരിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്നതാണ്.

ഒത്തിരി നാളത്തെ സമരത്തിനും സഹനത്തിനും ശേഷമാണ് വിരമിച്ച ജീവനക്കാര്‍ കോടതിയെ സമീപിച്ചത്.

ഇക്കാലമത്രയും  തരാം, തരില്ല, കുറച്ചു തരാം, പിന്നെത്തരാം എന്നു പറഞ്ഞുള്ള കളിയായിരുന്നു അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. കെഎസ്ആര്‍ടിസി ചുമതലയുള്ള മന്ത്രിമാര്‍ പലതവണ മാറിയിട്ടും  ജീവനക്കാരുടെയും  പെന്‍ഷന്‍കാരുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടായില്ല. വിരമിച്ചവരില്‍ ഏതാനും പേര്‍ മരുന്നുപോലും വാങ്ങാന്‍ കഴിയാതെ മരണപ്പെട്ടു.

സാമ്പത്തിക ബാധ്യത മൂലമാണ് പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തതെന്ന കെഎസ്ആര്‍ടിസി വാദം തട്ടിപ്പാണ്. വിദ്യാര്‍ത്ഥികള്‍ക്കും എംഎല്‍എമാര്‍ക്കും മറ്റുള്ളവര്‍ക്കും സൗജന്യ യാത്ര ഒരുക്കിയത് സര്‍ക്കാരാണ്. 

ഇതൊന്നും കാണാതെ സാമ്പത്തിക പരിമിതിയെക്കുറിച്ചു പറയുന്നതു ശുദ്ധ അസംബന്ധം. ഭരണതലത്തിലെ പര്‍ച്ചേസ് അഴിമതിക്കും ധൂര്‍ത്തിനും  ജീവനക്കാരാണ് ഉത്തരവാദികള്‍ എന്ന കണ്ടെത്തലും വിചിത്രമാണ്.  

പെന്‍ഷന്‍ കൊടുക്കാതിരിക്കാനുള്ള മതിയായ കാരണമൊന്നും ചുണ്ടിക്കാണിക്കാന്‍ സര്‍ക്കാരിനോ കെഎസ്ആര്‍ടിസിക്കോ കഴിയില്ല എന്നതാണ് വാസ്തവം.

കെ.എ. സോളമന്‍

എസ്എല്‍പുരം, ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.