അക്രമിച്ചവരെ പിടികൂടുന്നില്ല; വീഴ്ച മറയ്ക്കാന്‍ പത്തുകോടി

Monday 5 February 2018 2:30 am IST

ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരസ്മരണയ്ക്കായി വയലാറില്‍ ചൈനീസ് മോഡല്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് പത്തു കോടി അനുവദിച്ച ഇടതു സര്‍ക്കാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ അക്രമം നടത്തിയവരെ പിടികൂടാത്തതില്‍ ദുരൂഹതയേറെ. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ ഗേറ്റിന്റെ ഗ്രില്ലുകള്‍ തകര്‍ത്തത്.  

അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി സിപിഎം ഉടന്‍ രംഗത്തെത്തി.  സംസ്ഥാന നേതാക്കള്‍ വരെ സ്മാരകം  സന്ദര്‍ശിച്ച് ഫാസിസത്തിനെതിരെ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും, സ്വന്തം ഭരണത്തില്‍ പോലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. സ്മാരകത്തിന് നേരെയുണ്ടായ അക്രമം ചര്‍ച്ച പോലും ആകരുതെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം. 

അക്രമത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഏതാനും മാസങ്ങള്‍ മുന്‍പ് മറനീക്കിയിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയും, ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയുമാണ് സത്യം വെളിച്ചത്തു വരാന്‍ കാരണം. സിപിഎം അക്രമത്തിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ ഗത്യന്തരമില്ലാതെയാണ് സിപിഐ ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ് ഇതു സംബന്ധിച്ച ചില സത്യങ്ങള്‍ വെളിപ്പെടുത്തിയത്. വയലാര്‍ സ്മാരകം ഉള്ളില്‍ നിന്നാണ് ആക്രമിക്കപ്പെട്ടതെന്നതു സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായാണ് ആഞ്ചലോസ് പറഞ്ഞത്.  സിപിഐ ലോക്കല്‍ സെക്രട്ടറി അനില്‍കുമാറിനെയും കുടുംബത്തെയും സിപിഎം   ആക്രമിച്ചതിലെ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 സിപിഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് വയലാര്‍. കൂടാതെ സിപിഎമ്മും, സിപിഐയും തമ്മില്‍ അഭിപ്രായഭിന്നതയും രൂക്ഷമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രക്തസാക്ഷി സ്മാരകം നിലനില്‍ക്കുന്ന വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം നേതാവ് റിബലായി മത്സരിച്ചിരുന്നു.  ഇതെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഈ നേതാവിനെ അടുത്തിടെ സിപിഎമ്മില്‍ തിരിച്ചെടുക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.