റെയില്‍വേ കരാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

Monday 5 February 2018 2:30 am IST

ന്യൂദല്‍ഹി: കരാര്‍ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ആദ്യമായാണ് ഇത്തരത്തില്‍ കരാര്‍ ജീവനക്കാരെക്കുറിച്ച് വിവരങ്ങള്‍ സൂക്ഷിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ക്ലീനിങ്ങ്, ഹൗസ്‌കീപ്പിങ്ങ്, കണ്‍സള്‍ട്ടന്‍സി, ട്രെയിനിങ്ങ് വിഭാഗത്തിലുള്ള കരാര്‍ ജീവനക്കാരെക്കുറിച്ചുള്ള ഡിജിറ്റല്‍ വിവരങ്ങളാണ് സൂക്ഷിക്കുക. ഇത്തരം ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അവകാശ ലംഘനങ്ങള്‍ തടയാനാണിത്. പുതിയ പൊതു കരാര്‍ വ്യവസ്ഥ പ്രകാരം പാലങ്ങള്‍, കെട്ടിടങ്ങള്‍, ഗേജ് മാറ്റ പ്രവര്‍ത്തനങ്ങള്‍ എന്നീ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന കരാറുകാരുടെയും മറ്റ് കരാര്‍ ജീവനക്കാരുടെയും ജോലി വ്യവസ്ഥകളിലും വ്യത്യാസമുണ്ടായിരിക്കും.

കരാറിലെ പ്രത്യേക നിബന്ധന പ്രകാരം കരാര്‍ നേടിയവരോ ഇന്ത്യന്‍ റയില്‍വേയോ ആണ് ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കേണ്ടത്. ഹൗസ്‌കീപ്പിങ്ങ് പോലുള്ള ജോലികള്‍ ചെയ്യുന്നവരുടെ കാര്യത്തില്‍ നിര്‍ബന്ധമായും ഇത്തരം വിവരങ്ങള്‍ സൂക്ഷിച്ചിരിക്കണം. എല്ലാ ജീവനക്കാരുടെയും വ്യക്തി വിവരങ്ങള്‍, പോലീസിന്റെ പ്രമാണ പത്രം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കരുതല്‍ നിക്ഷേപ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാജര്‍ രേഖകള്‍, സുരക്ഷ-തൊഴില്‍ നിയമ പരിശീലനങ്ങളുടെ രേഖകള്‍, ശമ്പളവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയെല്ലാമാണ് സൂക്ഷിക്കേണ്ടത്. 

ഇത്തരത്തില്‍ കരാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ എല്ലാവര്‍ക്കും അടിസ്ഥാന വരുമാനമെങ്കിലും ലഭ്യമാകുന്നുണ്ടോ എന്ന് തീര്‍ച്ചപ്പെടുത്താനാകും എന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.