അതിരൂപതയ്ക്കുള്ള വിഹിതം നിര്‍ത്തുന്നു

Monday 5 February 2018 2:50 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തല്‍സ്ഥാനം രാജിവെയ്ക്കാത്തതില്‍ പ്രതിഷേധം ശക്തം. കര്‍ദ്ദിനാള്‍ രാജിവെച്ചില്ലെങ്കില്‍ അതിരൂപതയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വിഹിതം നിര്‍ത്തലാക്കുമെന്ന് പാതിരിമാരില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കി. കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ഒരുവിഭാഗത്തിന്റെ തീരുമാനം. 

പള്ളികളുടെ വരുമാനത്തിന്റെ ഒരു ഭാഗം (തെരട്ട്) അതിരൂപതക്ക് ഓരോ വര്‍ഷവും നല്‍കണമെന്നാണ് വ്യവസ്ഥ. മൂന്നുശതമാനം മുതല്‍ 15 ശതമാനം വരെയാണ് നിരക്ക്. 300 പള്ളികളുള്ള അതിരൂപതയ്ക്ക് വര്‍ഷം നാലുകോടി രൂപയാണ് ഇങ്ങനെ ലഭിക്കുന്നത്. ഈ വിഹിതം നിലച്ചാല്‍ അതിരൂപതയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും പ്രതിസന്ധിയിലാകും. 

നിലവില്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മുഴുവന്‍ പണവും ലഭിക്കാത്തതിനാല്‍ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാനായിട്ടില്ല. നാലുവര്‍ഷത്തിനകം 17.43 കോടി രൂപയാണ് പലിശയായത്. ബാങ്ക് കടം പെരുകുന്നതിനൊപ്പം, പള്ളികളില്‍ നിന്നുള്ള വിഹിതം കൂടി നിലച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും. 

വസ്തു ഇടപാടില്‍ വീഴ്ചയുണ്ടായതായി സഭ നിയോഗിച്ച അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു. എന്നിട്ടും തെറ്റുകള്‍ ഏറ്റുപറഞ്ഞ് സ്ഥാനമൊഴിയാന്‍ കര്‍ദ്ദിനാള്‍ തയ്യാറായില്ല. കര്‍ദ്ദിനാള്‍ ഒഴിഞ്ഞില്ലെങ്കില്‍, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ച് നടപടി അഭ്യര്‍ത്ഥിക്കാനാണ് പുരോഹിതരുടെ നീക്കം. 

ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഓരോ പള്ളികളില്‍ നിന്നും പുരോഹതരില്‍ നിന്നും  അഭിപ്രായം തേടുന്നത്. ഇതിന് പുറമെ വിശ്വാസികള്‍ക്കിടയിലും ഈ ആവശ്യം ഉന്നയിച്ച് ഹിത പരിശോധന നടക്കുന്നുണ്ട്. 

കര്‍ദ്ദിനാളിന്റെ പെരുമാറ്റം രാഷ്ട്രീയക്കാരനെപ്പോലെ

കൊച്ചി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ കര്‍ദ്ദിനാളിനെ എല്ലാവരും വിശുദ്ധനായാണ് കാണുന്നതെങ്കിലും, അദ്ദേഹത്തിന്റെ പെരുമാറ്റം രാഷ്ട്രീയക്കാരനെപ്പോലെയാണെന്ന് പുരോഹിതരുടെ വിമര്‍ശനം. സഭയിലെ ക്രമക്കേട് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചവരെ ബലപ്രയോഗത്തിലൂടെ വരുതിയിലാക്കാനാണ് കര്‍ദ്ദിനാള്‍ ശ്രമിക്കുന്നത്. 

വസ്തു ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിശ്വാസികളെ അറിയിക്കാനായി അങ്കമാലിയില്‍ നടത്തിയ യോഗം തടസപ്പെടുത്താന്‍ ശ്രമിച്ചത് കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. വിശുദ്ധനാണെന്ന് വിശ്വാസികളും ആളുകളും പ്രതീക്ഷിച്ചയാളില്‍ നിന്ന് ഇത്തരം നടപടികളുണ്ടാകുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതിയിലെ ഒരു മുതിര്‍ന്ന പുരോഹിതന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.