യുവതിയെ സിറിയയ്ക്ക് കടത്താന്‍ ശ്രമം; പ്രതി റിമാന്‍ഡില്‍

Sunday 4 February 2018 10:25 pm IST

കൊച്ചി: യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ എന്‍ഐഎയുടെ പിടിയിലായ പറവൂര്‍ പെരുവാരം മതിയടത്ത് മുഹമ്മദ് റിയാസ് റഷീദി(25)നെ ഞായറാഴ്ച എന്‍ഐഎ കോടതി ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ചെന്നൈയില്‍ വെള്ളിയാഴ്ചയാണ് ഇയാള്‍ എന്‍ഐഎ സംഘത്തിന്റെ പിടിയിലായത്. കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ശനിയാഴ്ച രാത്രി ഒമ്പതോടെ അറസ്റ്റ് രേഖപ്പെടുത്തി. റഷീദിനെ  വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ജിദ്ദയില്‍ നിന്നും കൊളംബോ വഴിയാണ് റഷീദ് ചെന്നൈയിലെത്തിയത്.

പത്തനംതിട്ട സ്വദേശിനിയെ  ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ റഷീദ് സക്കീര്‍ നായ്ക്കിന്റെ ശിഷ്യയാകാന്‍ ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റി. യുവതിയെ വിവാഹം ചെയ്യാന്‍ റഷീദ് വ്യാജ രേഖകളാണ് ഹാജരാക്കിയത്. വ്യാജ ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും നിര്‍മിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. 

2017ല്‍ സൗദി വഴി സിറിയയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു വിവാഹം നടന്നത്. ഐഎസില്‍ നിന്നും റഷീദിന്  പണവും ലഭിച്ചു. ബന്ധുക്കളുടെ സഹായത്തേടെ യുവതിയെ പിന്നീട് നാട്ടിലെത്തിക്കുകയായിരുന്നു. റഷീദിന്റെ സഹായികളായി പ്രവര്‍ത്തിച്ച പെരുവാരം സ്വദേശി ഫവാസ് ജമാല്‍, നോര്‍ത്ത് പറവൂരിലെ സിയാദ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശികളായ നഹാസ് അബ്ദുള്‍ ഖാദര്‍, മുഹമ്മദ് നാസിഷ്, അബ്ദുള്‍ മുഹസിന്‍, ബംഗളുരു സ്വദേശികളായ ഡാനിഷ് നജീബ്, ഗസീല, മോയീന്‍ പട്ടേല്‍, പറവൂര്‍  സ്വദേശി ഇല്യാസ് മുഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.