പുതിയ വനിതാ കൂട്ടായ്മ; മലയാള സിനിമയില്‍ വീണ്ടും വിവാദത്തിന്റെ ക്ലാപ്പടി

Monday 5 February 2018 2:30 am IST

കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ രൂപീകരിച്ചത് വിവാദത്തില്‍. നടിയെ ആക്രമിച്ച കേസിനെ തുടര്‍ന്ന് രൂപീകരിച്ച  വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ ദുര്‍ബലമാക്കാനാണ് പുതിയ സംഘടനയെന്നാണ് ആരോപണം. 

നടിയെ ആക്രമിച്ച കേസില്‍  നടന്‍ ദിലീപിനെതിരെ നിലപാടെടുത്തവരാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിലുള്ളത്. കേസിന്റെ വാദം ആരംഭിക്കാനിരിക്കെയാണ്  ഫെഫ്കയുടെ നേതൃത്വത്തില്‍  പുതിയ വനിതാ കൂട്ടായ്മ. 

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് പുതിയ സംഘടനയുടെ നേതൃസ്ഥാനത്ത്. വിമന്‍ സിനിമ കളക്ടീവിനോട് മത്സരിക്കാനല്ലെന്നും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് പുതിയ സംഘടനയെന്നുമാണ് അവര്‍ പറയുന്നത്.  സിനിമയുടെ എല്ലാ മേഖലയിലെയും സ്ത്രീകളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയാണിതെന്നും  അവര്‍ വാദിക്കുന്നു. 

എന്നാല്‍, വിമന്‍ ഇന്‍ സിനിമ കളക്ടീവിന് പിന്തുണ നല്‍കാത്തവര്‍ പുതിയ സംഘടനയുമായി രംഗത്തുവന്നത് ദുരൂഹമാണെന്നാണ് ആക്ഷേപം. ചില ഉന്നതരുടെ ഇടപെടലിലാണ് പുതിയ സംഘടനയുണ്ടായതെന്നും അവര്‍ ആരോപിക്കുന്നു. 

സംവിധായകരുടെ സംഘടനയായ ഫെഫ്കയാണ് കൂട്ടായ്മ രൂപീകരിക്കാന്‍ മുന്‍കൈ എടുത്തത്. യോഗത്തില്‍ ഫെഫ്ക പ്രസിഡന്റ് സിബി മലയിലും സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും പങ്കെടുത്തു. ഭാഗ്യലക്ഷ്മിയെക്കൂടാതെ റൈറ്റേഴ്‌സ് യൂണിയനില്‍ നിന്ന് എം.ആര്‍. ജയഗീത, ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്ന് മാളു എസ് ലാല്‍, കോസ്റ്റിയൂം വിഭാഗത്തില്‍ നിന്ന് സിജി തോമസ് നോബെല്‍, ഡാന്‍സേഴ്‌സ് യൂണിയനില്‍ നിന്ന് അഞ്ജന, മേക്കപ്പില്‍ നിന്ന് മനീഷ, ഡബ്ബിങ്ങില്‍ നിന്ന് സുമംഗല, സിനിമാട്ടോഗ്രാഫിയില്‍ നിന്ന് ഉമ കുമാരപുരം തുടങ്ങിയവരാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍. 

വിമന്‍ സിനിമാ കളക്ടീവിലുണ്ടായിരുന്നവരോ അവരെ പിന്തുണയ്ക്കുന്നവരോ പുതിയ സംഘടനയിലില്ല.

നടി മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, രമ്യാനമ്പീശന്‍ തുടങ്ങിയവര്‍  വിമന്‍ ഇന്‍ സിനിമാ കളക്ടീവുമായി രംഗത്തുവന്നപ്പോള്‍, സിനിമയിലെ നടിമാര്‍ അടക്കമുള്ളവര്‍ അവരെ പിന്തുണച്ചില്ല. 20 പേരുള്ള സംഘടന മാത്രമാണ് അതെന്നും ആരോടും ആലോചിക്കാതെയാണ് സംഘടന രൂപീകരിച്ചതെന്നുമായിരുന്നു  വിമര്‍ശനം. 

ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ള വനിതകള്‍ സംഘടനയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. വിമര്‍ശനത്തെ സിനിമാ മേഖലയിലുള്ള പല മുതിര്‍ന്ന താരങ്ങളും അനുകൂലിച്ചു. പുതിയ വനിതാ സംഘടനയെ വിമര്‍ശിച്ച് മാക്ടയിലെ ചില നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

സ്വയം മാറിയതില്‍ സന്തോഷം: വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

കൊച്ചി: പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക മാറി എന്നതില്‍ സന്തോഷമുണ്ടെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. 

89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്നും എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം തങ്ങള്‍ ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ അഭിമാനവും ആഹ്ലാദവുമുണ്ട്. 

സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനയും ഇത് മാതൃകയാക്കണമെന്നും അവര്‍ എഫ്ബി പേജില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.