കണ്ണൂരില്‍ ഷീ ഷെല്‍ട്ടര്‍ ഒരുങ്ങുന്നു

Sunday 4 February 2018 10:30 pm IST

 

കണ്ണൂര്‍: രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോവുകയോ രാത്രിയില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നതോ രാത്രിയില്‍ ട്രെയിന്‍ യാത്രക്കായി എത്തുന്നതോ ആയ സ്ത്രീകള്‍ക്കായി കണ്ണൂരില്‍ ഷീ ഷെല്‍ട്ടര്‍ ഒരുങ്ങുന്നു. രാത്രിയില്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഷീ ഷെല്‍ട്ടര്‍ പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ചില്‍ ഷീ ഷെല്‍ട്ടര്‍ പദ്ധതി ആരംഭിക്കും. എന്നാല്‍ ഇത് ഒരു സ്ഥിരം താമസ സൗകര്യമല്ല. മറിച്ച് ഒരു ദിവസത്തേക്കോ മണിക്കൂറുകളോ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന താല്‍ക്കാലിക താമസകേന്ദ്രമായിരിക്കും. 

20 ലക്ഷം രൂപ ചെലവിലാണ് പദ്ധതി തയ്യാറാക്കുന്നത്. സ്ത്രീകള്‍ സ്വയം പര്യാപ്തമാവുക, സ്വയം പ്രതികരണശേഷി കൈവരിക്കുക, സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ജെന്റില്‍ വുമണ്‍ പദ്ധതിയുടെ ഭാഗമായാണ് ഷീ ഷെല്‍ട്ടര്‍. 

കൃത്യമായ തിരിച്ചറിയല്‍ കാര്‍ഡും മറ്റും ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഇവിടെ താമസസൗകര്യം നല്‍കുക. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടുന്ന കമേഴ്‌സ്യല്‍ കോംപ്ലക്‌സിലാണ് ഷെല്‍ട്ടര്‍ ഒരുക്കുന്നത്. എട്ട് സിംഗിള്‍ ബെഡും ചെയറും ടേബിളുമാണ് പ്രാരംഭഘട്ടത്തില്‍ ഇവിടെയുണ്ടാവുക. പിന്നീട് ജനങ്ങളുടെ പ്രതികരണം അറിഞ്ഞതിന് ശേഷം കൂടുതല്‍ സൗകര്യമൊരുക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഷീ ഷെല്‍ട്ടറിന്റെ മേല്‍നോട്ടം. രാത്രിയും പകലുമായി ഓരോ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇവിടെയുണ്ടാകും. കണ്ണൂരിനെ സ്ത്രീസൗഹൃദ ജില്ലയാക്കി മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഷീ ഷെല്‍ട്ടര്‍ സൗകര്യം ഉപയോഗിക്കാന്‍ എത്തുന്നവരില്‍ നിന്നും ചെറിയൊരു തുകയും ഈടാക്കാന്‍ ആലോചിക്കുന്നുണ്ട്. ഇത് വൃത്തിയാക്കലിനും മറ്റുമായി ഉപയോഗിക്കാനുള്ള ചെലവിലേക്ക് മാറ്റും. താമസസ്ഥലത്തോടൊപ്പം അവരവര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താനുള്ള യാത്രാ സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കാനും പരിപാടിയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.