അക്രമങ്ങള്‍ അതിജീവിച്ച് ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍

Sunday 4 February 2018 10:31 pm IST

 

തൃശൂര്‍: എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും ഭീകരതയുടെ നിഴലിലാണ് കണ്ണൂര്‍ ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജിലെ എബിവിപി പ്രവര്‍ത്തകര്‍. സംഘടനാ പ്രവര്‍ത്തനം തടയാന്‍ സിപിഎമ്മുകാര്‍ വ്യാപകമായി അക്രമമഴിച്ചുവിടുന്നു. ഇതിനിടയില്‍ നിന്നാണ് കോളേജിലെ വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ പി.പി.പ്രിജു, വിഭാഗ് വിദ്യാര്‍ത്ഥി പ്രമുഖ് എന്‍.വി.ശ്രുതി, വിഷ്ണു പ്രസാദ്, സി.അവിഷ്ണ, കെ.കെ.സുബിന്‍,പി.കെ.ആദര്‍ശ്, വിശാഖ് പ്രേമന്‍ എന്നിവര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയത്. 

എബിവിപി പ്രവര്‍ത്തകരായ പെണ്‍കുട്ടികളെപ്പോലും കള്ളക്കേസുകളില്‍ കുടുക്കി വീടുകളിലെത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയാണ് പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ നടത്തുന്ന എല്ലാ അക്രമങ്ങളെയും ആദര്‍ശത്തിന്റെ പിന്‍ബലത്തില്‍ നേരിട്ടാണ് ഇവര്‍ സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പ്രിജുവിന് നേരെ എട്ടു തവണ ആക്രമണമുണ്ടായി. കോളേജില്‍ എബിവിപി സംഘടിപ്പിച്ച ഐ സപ്പോര്‍ട്ട് ഇന്ത്യന്‍ ആര്‍മി പരിപാടി പോലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. 

എബിവിപിയിലേക്ക് കടന്നുവരുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരെത്തി ഭീഷണിപ്പെടുത്തുന്നതും പതിവാണ്. കലാലയത്തിലെ അക്രമങ്ങള്‍ക്ക് പലപ്പോഴും പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് എ.എന്‍.ഷംസീര്‍ എംഎല്‍എയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.