തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ബിഎംഎസ്

Sunday 4 February 2018 10:31 pm IST

 

കണ്ണൂര്‍: തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ബിഎംഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയായിരുന്ന കേരളത്തിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഇന്ന് പരിതാപകരമാണ്. ആനുകൂല്യങ്ങളാവട്ടെ വളരെ പരിമിതവും. പല ബോര്‍ഡുകളും നാമമാത്രമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. കാര്യക്ഷമതയില്ലായ്മ മുഖമുദ്രയായി മാറിയിരിക്കുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

കേരളത്തിലാകമാനം, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയില്‍ സിപിഎമ്മിന്റെ അക്രമത്തിന് വിധേയരാകുന്നതില്‍ സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ട തൊഴിലാളി സഹോദരന്മാരാണ് എന്നത് തൊഴിലാളി പാര്‍ട്ടി എന്നവകാശപ്പെടുന്ന ഇവരുടെ തൊഴിലാളി സ്‌നേഹം വിളിച്ചോതുന്നതാണ്. 

1969 ല്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട തലശ്ശേരിയിലെ തയ്യല്‍ത്തൊഴിലാളിയായ വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ ഏറ്റവും ഒടുവില്‍ പയ്യന്നൂര്‍ കക്കംപാറയിലെ നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ബിജുവിനെ വരെ 88 പ്രവര്‍ത്തകരെയാണ് സംഘപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമായത്. സിപിഎം അധികാരത്തിലെത്തിയ കാലഘട്ടങ്ങളിലെല്ലാം സംഘപ്രവര്‍ത്തകരെ അതിദാരുണമായി കൊലപ്പെടുത്തുകയും നിരവധി പ്രവര്‍ത്തകരെ അംഗവൈകല്യമുളളവരായി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത്തരം അക്രമങ്ങളില്‍ നിന്നും കൊലപാതകങ്ങളില്‍ നിന്നും സിപിഎം പിന്മാറണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

നിര്‍മ്മാണ മേഖലയിലെ അവശ്യവസ്തുക്കളുടെ വില നിയന്തിക്കണമെന്നും നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും മറ്റൊരു പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാരിനോടവശ്യപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നും മോട്ടോര്‍ മേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കാനാവശ്യമായ നടപടികള്‍ എത്രയും വേഗം ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കെ.കെ.ശ്രീജിത്ത്, എ.വേണുഗോപാല്‍, പി.കെ.രാജന്‍, എം.ബാലന്‍, ഉണ്ണിപ്രവന്‍ നാണു, പി.കൃഷ്ണന്‍, അഡ്വ.പ്രമോദ് കാളിയത്ത്, വനജ രാഘവന്‍, പി.കെ.പ്രീത, പി.രഞ്ചന്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.