ബജറ്റില്‍ പണം വകയിരുത്തിയില്ല: റബ്ബര്‍ സഹായധന പദ്ധതി അനിശ്ചിതത്വത്തില്‍

Sunday 4 February 2018 10:32 pm IST

 

പയ്യാവൂര്‍: ബജറ്റില്‍ ആവശ്യമായ പണം വകയിരുത്താത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റബ്ബര്‍ സഹായധന പദ്ധതി അനിശ്ചിതത്വത്തിലായി. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പദ്ധതിക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ 500 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പണം വകയിരുത്താത്തതിനാല്‍ പദ്ധതി അവസാനിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് കര്‍ഷകര്‍.

റബ്ബര്‍ ബോര്‍ഡ് നിത്യേന പ്രഖ്യാപിക്കുന്ന റബ്ബര്‍ വിലയും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ജുലൈ മാസം മുതല്‍ ജൂണ്‍ വരെയാണ് പദ്ധതിക്കാലം. കഴിഞ്ഞവര്‍ഷം ജുലൈ മുതലുള്ള പണം കര്‍ഷകര്‍ക്ക് കൊടുക്കാനുണ്ടെങ്കിലും ഡിസംബര്‍ വരെയുള്ള ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ബില്ലുകള്‍ കൊടുത്താല്‍ മാസങ്ങള്‍ കഴിഞ്ഞാണ് പണം നല്‍കുക. റബ്ബര്‍ ഉത്പാദക സംഘങ്ങളുടെ സഹകരണത്തോടെ റബ്ബര്‍ ബോര്‍ഡ് വഴിയാണ് പണം കൈമാറുന്നത്. 

റബ്ബറിന്റെ ഉത്പ്പാദന സീസണില്‍ത്തന്നെ വില കുറഞ്ഞുവരികയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച 150 രൂപ ന്യായവിലയായി റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് റബ്ബര്‍ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു. ചില മേഖലകളില്‍ ആര്‍പിഎസ് ഭാരവാഹികളുടെ ഒത്താശയോടെ വ്യാജ ബില്ലുകള്‍ ഹാജരാക്കി ചിലര്‍ കൂടുതല്‍ പണം കൈപ്പറ്റിയതായി പരാതിയുയര്‍ന്നിരുന്നുവെങ്കിലും കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.

കേന്ദ്ര ബജറ്റില്‍ റബ്ബര്‍ ബോര്‍ഡിന് 146 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഇതില്‍ നിന്നും കാര്യമായ നേട്ടങ്ങളൊന്നും ലഭിക്കില്ല. ഉത്തജക പദ്ധതികള്‍ നിര്‍ത്തലാക്കിയാല്‍ റബ്ബര്‍ കര്‍ഷകര്‍ ഏറെ പ്രസിസന്ധിയിലാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.