ബിഎംഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സര്‍ക്കാര്‍: കെ.കെ.വിജയകുമാര്‍

Sunday 4 February 2018 10:33 pm IST

 

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടു ദിവസമായി നടന്നു വന്ന ബിഎംഎസ് ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. ഇന്നലെ രാവിലെ സ്വര്‍ഗ്ഗീയ സി.കെ.രാമചന്ദ്രന്‍ നഗറില്‍(ജവഹര്‍ ഓഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സര്‍ക്കാരാണെന്നും 2018-19 ബജറ്റില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും പ്രഖ്യാപിക്കാഞ്ഞത് ഇതാണ് കാണിക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വിജയകുമാര്‍ പറഞ്ഞു.

നിലവില്‍ രണ്ട് ക്ഷേമനിധികള്‍ ലഭിക്കുന്നവര്‍ക്ക് ഒരു ക്ഷേമനിധി മാത്രമേ നല്‍കൂ എന്നുന്നുളള ബജറ്റ് പ്രഖ്യാപനം ഫലത്തില്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഒരു വിഭാഗത്തിന് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കും. സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നത്. ഓരോ വര്‍ഷവും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബജറ്റില്‍ ഇതു സംബന്ധിച്ച് പരാമര്‍ശമേയില്ല. മുതലാളിത്തത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ച് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ് ഐസക്കിന്റെ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ രാജ്യത്തെ ഭരണകൂടത്തിന്റെ നയപരിപാടികള്‍ തീരുമാനിക്കുന്ന സാഹചര്യം രാജ്യത്തുണ്ടാവണം. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സേവനം ചെയ്യലല്ല തൊഴിലാളി സംഘടനകളുടെ പണി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അധികാരത്തിലേറാനുളള ചവിട്ടുപടിയായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ മാറാന്‍ പാടില്ലെന്നും ബിഎംഎസിന്റെ പഴയകാല നേതാവായിരുന്ന ദത്തോപാംദ് ഠേഗ്ഡിജി വ്യക്തമാക്കിയിട്ടുണ്ട്. ബിഎംഎസ് ഇന്നും ഈ പാത പിന്തുടരുകയാണ്. അതു കൊണ്ടുതന്നെയാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുളള സംഘടനയായി ബിഎംഎസ് ഇന്നും നിലനില്‍ക്കുന്നത്. 

കേന്ദ്ര ബഡ്ജറ്റില്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുന്ന നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. അടിസ്ഥാന മേഖലയ്ക്കും ആവശ്യമായ പണം നീക്കിവെച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ അഭിനന്ദനീയമാണ്. എന്നാല്‍ തൊഴിലാളികളെ സന്തോഷിപ്പിക്കാന്‍ ഒരു നടപടിയും ബജറ്റിലില്ല. ഇതിലാണ് ബിഎംഎസിന് വിയോജിപ്പ്. പിഎഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനുളള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. പ്രത്യേക കാലഘട്ടങ്ങളിലേക്ക് തൊഴിലാളികളെ നിയമിക്കാനുളള നിയമം കൊണ്ടുവരാനുളള നീക്കവും അംഗീകരിക്കാന്‍ കഴിയില്ല. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ബജറ്റ് തെളിയിച്ചിരിക്കുകയാണ്. ആഭിമുഖ്യം കര്‍ഷകരോട് തന്നെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

അഡ്വ.കെ.പി,സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം സംസാരിച്ചു. സി.വി.തമ്പാന്‍ സംഘടനാ റിപ്പോര്‍ട്ടും കെ.രാജന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം.പി.രാജീവന്‍ സംഘടനാ ചര്‍ച്ച നയിച്ചു. സമാപന പരിപാടിയില്‍ ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് സംസാരിച്ചു. ആനിയ ഹരീന്ദ്രന്‍ വന്ദേമാതരം ആലപിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം.വേണുഗോപാല്‍, മേഖലാ പ്രസിഡണ്ട് കെകെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.