ഹൃദ്രോഗിയായ നേപ്പാളി പെണ്‍കുട്ടി ചികിത്സാ സഹായം തേടുന്നു

Monday 5 February 2018 2:30 am IST

ആര്‍പ്പൂക്കര: ഹൃദയവാല്‍വിന്റെ തകരാര്‍ പരിഹരിക്കാന്‍ ചികിത്സാ സഹായത്തിനായി നേപ്പാളി പെണ്‍കുട്ടി സഹായം തേടുന്നു. നേപ്പാള്‍ മദ്ധ്യവിസ്ഥാന്‍, ഗോട്ടി ജില്ലയിലെ ആദര്‍ശ ഗ്രാമപഞ്ചായത്ത് സ്വദേശി ധരന്‍ പിസിയുടെ മകള്‍ രാജേശ്വരി (19) ആണ് ഹൃദയരോഗത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ ധരന്‍ ഊട്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഗൂര്‍ഖ ജോലിക്കാരനായിരുന്നു. നേപ്പാളിലെ പരിശോധനയില്‍ പെണ്‍കുട്ടിക്ക് ഹൃദ്രോഗമാണെന്ന് കണ്ടെത്തി.  നേപ്പാളില്‍ ഇതിനുള്ള ചികിത്സയില്ലെന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ ചോറ്റാനിക്കരയില്‍ ഗൂര്‍ഖയായി ജോലി ചെയ്യുന്ന ധരന്റെ ബന്ധുവിന്റെ സഹായത്തോടെ എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കി. രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ജനുവരി 25ന് വഷളാവുകയും വിദഗ്ധപരിശോധനയില്‍ ഹൃദയത്തിന്റെ മൂന്നു വാല്‍വുകള്‍ക്ക് തകരാര്‍ ഉണ്ടെന്നും കണ്ടെത്തി. വാല്‍വുകള്‍ അടിയന്തരമായി മാറ്റിവയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വാല്‍വിന് ഒന്നേകാല്‍ ലക്ഷവും തുടര്‍ചികിത്സയ്ക്കും മരുന്നിനും മറ്റുമായി രണ്ടരലക്ഷം രൂപയും ചിലവുവരും.

നിര്‍ധന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. ഇന്ത്യാക്കാരിയല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കില്ല. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി.കെ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. രാജു ജോര്‍ജ്ജ് എന്നിവരുടെ ചികിത്സയിലാണ് കുട്ടി. മെഡിക്കല്‍ കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന ഗുരുനാരായണ സേവാനികേതന്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ചികിത്സാ സഹായം എത്തിക്കാന്‍ ശ്രമിച്ചുവരുന്നു. 2 ലക്ഷം രൂപ ഇതിനോടകം സമാഹരിച്ചു. 

കുട്ടിയെ സഹായിക്കുന്നതിനായി കോട്ടയം തെള്ളകം എസ്ബിഐ ബ്രാഞ്ചില്‍ ഗുരുനാരായണ സേവാ നികേതന്‍ ട്രസ്റ്റിന്റെ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 36688488179, ഐഎഫ്എസ്‌സി കോഡ് 0070952.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.