കപ്പല്‍ കാണാതായ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി

Monday 5 February 2018 2:30 am IST

ഉദുമ: ആഫ്രിക്കന്‍ രാജ്യമായ ബെനീനില്‍ നിന്നും ഇന്ത്യന്‍ എണ്ണക്കപ്പല്‍ കാണാതായ സംഭവത്തില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അന്വേഷണം ഊര്‍ജ്ജിതമാക്കി. കപ്പല്‍ കണ്ടെത്താനുളള നീക്കങ്ങള്‍ സജീവമാക്കി. രണ്ട് മലയാളികള്‍ അടക്കമുള്ള സംഘം സഞ്ചരിക്കുകയായിരുന്ന കപ്പല്‍ റാഞ്ചിയത് കടല്‍ കൊള്ളക്കാരെന്ന നിഗമനത്തിലാണ് അധികൃതര്‍. 

വ്യോമനിരീക്ഷണം അടക്കം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഷിപ്പിങ് മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കിയിട്ടുണ്ട്. നൈജീരിയന്‍ കോസ്റ്റ്ഗാര്‍ഡും, നാവികസേനയുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ജനുവരി 31ന് വൈകിട്ട് 6.30 മണിയോടെയാണ് കപ്പല്‍ കാണാതായത്. ഉദുമ പെരില വളപ്പിലെ അശോകന്റെ മകന്‍ ശ്രീഉണ്ണി (25)യെ കൂടാതെ കോഴിക്കോട് സ്വദേശിയും കപ്പിലിലുണ്ട്. മൊത്തം 22 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണക്കപ്പലില്‍നിന്നുള്ള അവസാന സിഗ്‌നല്‍ ലഭിച്ചത് ജനുവരി 31ന് വൈകിട്ട് ആറരയ്ക്കാണ്. 52 കോടിരൂപാ മൂല്യംവരുന്ന 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. ഉദുമയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന പെരിലവളപ്പിലെ അശോകന്റെയും ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപിക ഇ.ഗീതയുടെയും മകനാണ് ഉണ്ണി. തിരച്ചില്‍ നൈജീരിയന്‍ കടലില്‍ നടക്കുമ്പോഴും അന്വേഷണപ്രവാഹം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബിലേക്കാണ്. കപ്പലോട്ടക്കാരുടെ നാടായിട്ടാണ് ഉദുമ, പാലക്കുന്നത് അറിയപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.