ത്രിപുരയില്‍ ഇക്കുറി എതിരാളി ബിജെപി: കാരാട്ട്

Monday 5 February 2018 2:50 am IST

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലായിരുന്നു മല്‍സരം. എന്നാല്‍ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ഇടതു മുന്നണിയും ബിജെപിയും തമ്മിലാണ് മല്‍സരം. പറയുന്നത് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തെക്കന്‍ ത്രിപുരയിലെ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് കാരാട്ട് ഇക്കാര്യം തുറന്നു സമ്മതിച്ചത്.   ഈ മാസം 18നാണ്60 സീറ്റുള്ള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് ഫലം അറിയാം.

  ഈ മാറ്റം നേതാക്കളിലും പ്രകടം. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ  സുദീപ് റോയി ബര്‍മന്‍ അടക്കം നിരവധി പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎമ്മിനോട് മല്‍സരിക്കാന്‍ കോണ്‍ഗ്രസിന് വലിയ താല്പ്പര്യമില്ല. ബര്‍മന്‍ പറയുന്നു. 2013ല്‍ സിപിഎം വലിയ ഭരണവിരുദ്ധ വികാരം നേരിട്ടിരുന്നു. പക്ഷെ കോണ്‍ഗ്രസ് നേത്വത്വം സിപിഎമ്മിനെ പിന്തുണയ്ക്കുകയായിരുന്നു. അവര്‍ക്ക് പാര്‍ലമെന്റില്‍ പിന്തുണ വേണമെന്നേയുള്ളു. ബര്‍മന്‍ തുടരുന്നു.  ഇദ്ദേഹമടക്കം ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.

സിപിഎമ്മിന്റെ ദുര്‍ഭരണം കാരണമാണ് ബിജെപി വളര്‍ന്നതെന്ന് ത്രിപുര കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തപസ് ദേ പറഞ്ഞു.തങ്ങളെ പിന്തുണയ്ക്കാത്തവരെ സിപിഎം ആക്രമിക്കുകയാണ്. വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയുമില്ല. ദേ വിവരിക്കുന്നു.

ബിജെപിയും വനവാസികളുടെ പാര്‍ട്ടിയായ പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി സഖ്യവുമുണ്ട്.അതിനാല്‍ 20 പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ ജയം ഉറപ്പാണ്. ബിജെപി വക്താവ്  മൃണാല്‍ കാന്തി ദേവ് പറഞ്ഞു.

ത്രിപുര പിടിച്ചടക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്, അധ്യക്ഷന്‍ അമിത്ഷാ എന്നിവടക്കം ഒരു പറ്റം പ്രമുഖര്‍ തന്നെ  പ്രചാരണത്തിന് എത്തുന്നുമുണ്ട്. 8,15 തീയതികളിലാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുക.

ആപത്തു മണത്ത സിപിഎം നേതാക്കള്‍ ത്രിപുരയില്‍ കറങ്ങുകയാണ്. പ്രസംഗം മുഴുവന്‍ ബിജെപിക്ക് എതിരും. ത്രിപുര തെരഞ്ഞെടുപ്പിന് ദേശീയ പ്രധാന്യമാണുള്ളത്. രാജ്യം ഏതു ദിശയിലാണ് പോകുന്നതെന്ന് ഇതോടെ അറിയാം. കാരാട്ട് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.