ഐസക്കിന്റെ സുഖചികിത്സയ്ക്ക് ഒന്നേകാല്‍ ലക്ഷം

Monday 5 February 2018 2:55 am IST
മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയ്ക്കായാണ് മന്ത്രി ഇത്രയും തുക ചെലവിട്ടത്. സര്‍ക്കാര്‍ സംവിധാനത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് സൗകര്യം ഉണ്ട്. ഗവ. ആയുര്‍വേദ കോളേജിലും പൂജപ്പുരയിലെ പഞ്ചകര്‍മ്മ കേന്ദ്രത്തിലും മികച്ച ചികിത്സ സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്.

തിരുവനന്തപുരം:  മുണ്ടു മുറുക്കിയുടുത്തും ചെലവ് ചുരുക്കണമെന്ന് ബജറ്റ്  പ്രസംഗത്തില്‍ പറഞ്ഞ ധനമന്ത്രി ഡോ. തോമസ് ഐസക്കും  മോശക്കാരനല്ല. സുഖചികിത്സയ്ക്കും ഉഴിച്ചിലിനുമായി 1.2 ലക്ഷം രൂപയാണ് അദ്ദേഹം സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുത്തത്. 

മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയ്ക്കായാണ് മന്ത്രി ഇത്രയും തുക ചെലവിട്ടത്.   സര്‍ക്കാര്‍ സംവിധാനത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് സൗകര്യം ഉണ്ട്. ഗവ. ആയുര്‍വേദ കോളേജിലും പൂജപ്പുരയിലെ പഞ്ചകര്‍മ്മ കേന്ദ്രത്തിലും  മികച്ച ചികിത്സ സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീണ്ട ചികിത്സയ്ക്ക് മന്ത്രി ചെലവിട്ടത്. 1,20,048 രൂപ. മരുന്നിനായി 21,990 രൂപ ചെലവിട്ടപ്പോള്‍ മുറിവാടക 79,200 രൂപ. ഇവ തമ്മിലുള്ള അന്തരം മൂന്നിരട്ടി വരും. ചികിത്സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങാന്‍ ചെലവിട്ടത് 195 രൂപ. ഇതും സര്‍ക്കാരില്‍ നിന്ന് തന്നെ വാങ്ങി. 250 രൂപയുടെ തലയണയും വാങ്ങി. 

മന്ത്രി കെ.കെ.ശൈലജയ്ക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പേരിലുമുയര്‍ന്ന റീ ഇംമ്പേഴ്‌സ്‌മെന്റ് വിവാദം പാര്‍ട്ടിയെ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയിരിക്കുകയാണ്. 

കണ്ണട വാങ്ങിയ ഇനത്തില്‍ പൊതുഖജനാവില്‍ നിന്ന് 49,900 രൂപയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയത്. മന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണ് വാങ്ങിയത്. 

കേരളത്തില്‍ കാപട്യം നിറഞ്ഞ സര്‍ക്കാരെന്ന് ബിജെപി

തിരുവനന്തപുരം: കേരളത്തിലേത് കാപട്യം നിറഞ്ഞ സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യതയിലാണ് കേരള ജനത. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ഒന്നേകാല്‍ ലക്ഷമാണ് എഴുതിയെടുത്തത്. ചികിത്സയ്ക്കിടെ പിഴിഞ്ഞുടുക്കാന്‍ വാങ്ങിയ തോര്‍ത്തിനും തലയണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തു. നിയമസഭാ സാമാജികരുടെ ചികിത്സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശയുള്ളപ്പോഴാണ് ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.