വാര്‍ത്താ വിലക്കും വിവാദമായി

Monday 5 February 2018 2:53 am IST

തിരുവനന്തപുരം:  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌യുടെ 13 കോടി തട്ടിപ്പുമായി  ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ യുഎഇ പൗരന്‍ ഇസ്മയില്‍ അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തും. പത്രസമ്മേളനത്തിന് പ്രസ്‌ക്ലബ് ബുക്ക് ചെയ്തിട്ടുണ്ട്.

അതിനിടെ ബിനോയ്‌ക്കൊപ്പം ആരോപണം നേരിടുന്ന ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത്‌വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ  കോടതി നടപടി വിവാദമായി. ദുബായ് ബിസിനസുകാരന്‍ രാഹുല്‍ കൃഷ്ണ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ  പാടില്ലെന്നാണ് കരുനാഗപ്പള്ളി സബ്‌കോടതിയുടെ ഉത്തരവ്. ഉത്തരവ് തിരുവനന്തപുരം പ്രസക്ലബില്‍ പതിച്ചിട്ടുമുണ്ട്. മര്‍സൂഖി ഇന്ന്  വാര്‍ത്താസമ്മേളനം നടത്താനിരിക്കേയാണ്  വിലക്കേര്‍പ്പെടുത്തി പ്രസ്‌ക്ലബില്‍  നോട്ടീസ് പതിച്ചത്. 

ബിനോയ് 13 കോടി നല്‍കാനുണ്ടെന്നും ദുബായിയില്‍ പരാതി നല്‍കിയിരുന്നുവെന്നും സാമ്പത്തികത്തട്ടിപ്പു കേസായതിനാലാണ് ദുബായി പോലീസ് ബിനോയ്ക്ക് ക്‌ളീന്‍ ചിറ്റു നല്‍കിയതെന്നുമാണ് മര്‍സൂഖിയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നത്. കേസ് ഒത്തുതീര്‍ന്നില്ലെങ്കില്‍ ഇന്ന് എല്ലാം വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍  മര്‍സൂഖി ബിനോയ്‌ക്കെതിരെ എന്തെങ്കിലും  വെളിപ്പെടുത്തുമോയെന്ന് ഒരുറപ്പുമില്ല. പണം നല്‍കി പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള തീവ്ര ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഗള്‍ഫിലെ സിപിഎം ബന്ധമുള്ള ചില ബിസിനസുകാര്‍ പണം നല്‍കാമെന്ന് സമ്മതിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. 

എന്നാല്‍ കോടതി ഉത്തരവില്‍ പത്രസമ്മേളനം നടത്തരുത് എന്ന് പറയുന്നില്ലെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. എങ്കിലും കോടതി ഉത്തരവിനെ പറ്റി പത്രസമ്മേളനത്തിനെത്തുന്നവരെ അറിയിക്കും. യുക്തമായ തീരുമാനം എടുക്കാന്‍ അവരോടു ആവശ്യപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.