സിപിഎം സിപിഐ സമ്മേളനങ്ങളില്‍ അടിയും തിരിച്ചടിയും

Monday 5 February 2018 2:53 am IST

തിരുവനന്തപുരം: സിപിഎം നയിക്കുന്ന ഇടതു മുന്നണിയിലെ തര്‍ക്കം പാരമ്യത്തിലെത്തി. പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ നിന്നും പുറത്തുവരുന്ന അടുക്കളപ്പോര് അതിശക്തമെന്ന് വ്യക്തം. സിപിഎമ്മിനെതിരെ സിപിഐ ആഞ്ഞടിക്കുമ്പോള്‍, മാധ്യമങ്ങളുടെ പിന്തുണയോടെ സിപിഐ ഇല്ലാത്ത മേനി നടിക്കുകയാണെന്ന് സിപിഎം പ്രതികരിക്കുന്നു.

ഇടതുമുന്നണിയിലെ ഒന്നാമത്തെയും രണ്ടാമത്തെയും കക്ഷിയാണ് സിപിഎമ്മും സിപിഐയും. മൂന്നാര്‍ വിഷയത്തില്‍ തുടങ്ങി കെ.എം.മാണിയെ ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നതുവരെയുള്ള വിഷയത്തില്‍ സിപിഎമ്മിനെതിരെയാണ് സിപിഐ. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ ചൊല്ലിയും ഇരുപാര്‍ട്ടിയും രണ്ടുതട്ടിലാണ്.

ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി ചേരുന്നതില്‍ സിപിഎം രണ്ടുതട്ടിലാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നയിക്കുന്ന ഗ്രൂപ്പ് പോര് പരിഹാരമില്ലാതെ തുടരുകയാണ്. പ്രകാശ് കാരാട്ടിനൊപ്പമാണ് കേരളത്തിലെ സിപിഎം. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിലപാടാണ് സിപിഐയ്ക്ക്. സിപിഎമ്മിനെതിരെ ശക്തമായ പ്രതികരണമാണ് സിപിഐയില്‍ നിന്നുണ്ടാകുന്നത്. ബിജെപിയെ തോല്‍പിക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ നിലപാട് വങ്കത്തരമാണെന്നാണ് സിപിഐ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുത്ത മുസോളിനിയെന്നാണ് സിപിഐ  പരിഹസിച്ചിരിക്കുന്നത്. 

അതേസമയം, ഇല്ലാത്ത ശക്തി പ്രകടിപ്പിച്ച് പ്രതിപക്ഷത്തിന്റെ റോളെടുക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് സിപിഎം സമ്മേളനങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. കേരളാ കോണ്‍ഗ്രസ്(എം) ഇടതു മുന്നണിയിലെത്തിയാല്‍ സിപിഐ അപ്രസക്തമാകുമെന്ന ഭീതി സിപിഐക്കുണ്ട്. പാര്‍ട്ടി പരിപാടികളോ നയമോ സര്‍ക്കാര്‍ നടപടികളോ  അല്ല രണ്ടു പാര്‍ട്ടികളുടെ സമ്മേളനത്തിലും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പരസ്പരം അപഹസിക്കല്‍ മാത്രമാണ്  സമ്മേളനങ്ങളില്‍ നടക്കുന്നത്.

 പാര്‍ട്ടി യോഗങ്ങളില്‍ രഹസ്യമായി ഉയരുന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ പരസ്യമാവുകയാണ്. ഇതു മുന്നണിയുടെ കെട്ടുറപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.