യെച്ചൂരിയെ കുടഞ്ഞ് സിപിഎം സമ്മേളനം

Monday 5 February 2018 2:52 am IST

തിരുവനന്തപുരം: പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയെ കടന്നാക്രമിച്ച് സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനം.  സിപിഐക്കും രൂക്ഷവിമര്‍ശനം.  യെച്ചൂരിയുടെ നീക്കങ്ങള്‍ സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണ്. എംപി സ്ഥാനം നഷ്ടപ്പെട്ടതിലുള്ള നിരാശ ജനറല്‍ സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം ഉയര്‍ന്നത്.

ബിജെപിയെ ചെറുക്കാനെന്ന പേരില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള യെച്ചൂരിയുടെ ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ട്. പദവികള്‍ക്കുവേണ്ടി ഏതറ്റം വരെയും ജനറല്‍സെക്രട്ടറി പോകുന്ന വിധത്തില്‍ അധഃപതിച്ചെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായിവിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനു നേരെയും വിമര്‍ശനം ഉയര്‍ന്നു. പോലീസില്‍ ഭൂരിഭാഗവും ആര്‍എസ്എസ്സുകാരാണെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. ഇവരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തലുകളുയര്‍ന്നു.

സിപിഐക്കെതിരെ രണ്ടാംദിവസവും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന സി. ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ജില്ലാസെക്രട്ടറി ജി.ആര്‍. അനില്‍ അടക്കമുള്ളവര്‍ ശ്രമിച്ചെന്നാണ് നെടുമങ്ങാട് ഏര്യാകമ്മിറ്റിയിലെ സിപിഎം പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. ദിവാകരനെതിരെ പ്രചാരണം നടത്തുന്നതിന് സിപിഐയുടെ ജില്ലാനേതാക്കള്‍ യോഗം ചേര്‍ന്നെന്നും പ്രതിനിധികള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.