പക്കാവട വില്‍ക്കുന്നതും അന്തസ്: അമിത് ഷാ

Monday 5 February 2018 3:32 pm IST

ന്യൂദല്‍ഹി: തൊഴിലില്ലാതെ നടക്കുന്നതിനേക്കാള്‍ പക്കാവട വില്‍ക്കുന്നതാണ് നല്ലതെന്നും അതില്‍ നാണക്കേട് വിചാരിക്കാനില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യസഭയില്‍ ആദ്യ പ്രസംഗത്തിലാണ് അമിത് ഷാ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. 

ഏതു തൊഴിലും അന്തസുള്ളതാണ്. പണിയില്ലാതെ നടക്കുന്നതിനേക്കാള്‍ നല്ലതാണ് ഏതെങ്കിലും തൊഴിലെടുക്കുന്നത്, ഷാ പറഞ്ഞു. ഒരു ടിവി അഭിമുഖത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് വിവാദമാക്കിയിരുന്നു. തൊഴിലില്ലായ്മ വിഷയം പരാമര്‍ശിക്കവേ, ദിവസം പക്കാവട വിറ്റാല്‍ ഒരാള്‍ക്ക് 200 രൂപ വരെ സമ്പാദിക്കാം. അതെന്താ തൊഴിലല്ലേ? എന്ന് മോദി ചോദിച്ചു. ഇതിനെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പ്രധാനമന്ത്രി മോദി പ്രസംഗിച്ച പരിപാടിക്കിടെ പക്കാവട വിറ്റ് പ്രതിഷേധിക്കാന്‍ വന്നവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മുദ്രാ സ്‌കീമിനു കീഴില്‍ യുവാക്കള്‍ പക്കാവട വില്‍ക്കുകയാണെന്ന ചിദംബരത്തിന്റെ ട്വീറ്റ് താന്‍ വായിച്ചു. ഇതൊരു ജോലിയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഭിക്ഷയെടുത്തല്ലാതെ തൊഴിലെടുത്ത് സമ്പാദിക്കുന്നതാണ് നല്ലത്. അവരുടെ അടുത്ത തലമുറ വ്യവസായികളായി മാറും- അമിത് ഷാ വ്യക്തമാക്കി.

ഒരു ചായക്കാരെന്റ മകന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അത് ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കന്നി പ്രസംഗത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പദ്ധതികളെ പറ്റി പറയാനും അദ്ദേഹം മറന്നില്ല.

ഇന്ത്യയില്‍ പക്കാവട വില്‍ക്കുന്നവര്‍ക്ക് പോലും 200 രൂപ കൂലിയുണ്ടെന്നും അതുകൊണ്ട് അയാളെയും തൊഴിലുള്ളവനായി കണക്കാക്കാമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.