സൗദിയില്‍ വിവാഹ മോചനങ്ങള്‍ വന്‍ ആഘോഷമാകുന്നു

Monday 5 February 2018 4:27 pm IST

ജിദ്ദ: വിവാഹ മോചനം ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയില്‍ വന്‍ ആഘോഷമാകുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശാലമായ പാര്‍ട്ടികള്‍ നടക്കുന്നു. പാട്ടും ഡാന്‍സും കേക്കുമുറിക്കലുമായി രണ്ടും മൂന്നും ദിവസം നീളുന്ന ആഘോഷങ്ങള്‍ സ്ത്രീകളുടെ വകയാണെന്നതാണ് ഏറെ പ്രത്യേകത. ദുരിത ജീവിതത്തില്‍നിന്നുള്ള മോചനം അവര്‍ ആഘോഷിക്കുകയാണ്. 

ഇത്തരം ആഘോഷങ്ങള്‍ക്ക് പ്രത്യേക കേക്കുകളും പ്രചാരത്തിലായി. ജന്മദിന ആശംസകള്‍ക്കു പകരം വിവാഹ മോചന ആശംസകളാണ്. തമാശയും ആഹ്ലാദവും പ്രകടിപ്പിക്കുന്ന സന്ദേശങ്ങളും എഴുത്തുകളും കൊണ്ട് അലങ്കരിച്ചതായിരിക്കും കേക്കുകള്‍. വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്ക് ഇപ്പോള്‍ അന്തസോടെ കഴിയാമെന്ന സ്ഥിതിയായി. വേണമെങ്കില്‍ പുനര്‍ വിവാഹവും നടത്താം. ഇതോടെ 2017 ല്‍ വിവാഹ മോചന സംഭവങ്ങളുടെ എണ്ണം കൂടിയതായി അറബ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കിങ് അബ്ദുളസീസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അമാനി അലി ഖൊറൈബിയുടെ വിവരണം അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ഞാന്‍ ഒരു വിവാഹ മോചന പാര്‍ട്ടിയില്‍ പങ്കെടുത്തു. എന്റെ അമ്മായിയാണ് ആഘോഷിച്ചത്. വിവാഹ മോചനക്കേസ് അവസാനിച്ച് വഴി പിരിഞ്ഞപ്പോള്‍ ഏറെ ആശ്വസിച്ച അവര്‍ ഒരു റിസോര്‍ട്ടിലേക്ക് കുടുംബാംഗങ്ങളെ ക്ഷണിച്ചു. ഒന്നുരണ്ടു ദിവസം ആഹ്ലാദിക്കാനായിരുന്നു ക്ഷണം. വീട്ടുകാര്‍ വലിയൊരു കേക്കുമായി വന്നു. ആടിനെ മൊരിച്ച തബീഹാ വിഭവമുള്‍പ്പെടെ വന്‍ വിരുന്നായിരുന്നു ഒന്നുരണ്ടു ദിവസം നീണ്ടു ആഘോഷം.

അച്ഛനും അമ്മയും ബന്ധം പിരിഞ്ഞത് അമ്മ ആഘോഷിച്ചത് ദോവാ അബ്ദുള്ള വിവരിക്കുന്നു: അമ്മ വന്‍ പാര്‍ട്ടിയാണ് നടത്തിയത്. ഡിസ്‌കോ ഡാന്‍സുള്‍പ്പെടെ എല്ലാമുണ്ടായിരുന്നു. അമ്മ ബന്ധുക്കളെയും ചങ്ങാതിമാരെയും വിളിച്ചു. കേക്കു മുറിക്കലിന് ഞാനും സഹായിച്ചു. വര്‍ഷങ്ങളായി മോചനത്തിന് ശ്രമിക്കുകയായിരുന്നു. 

ഫാത്തിമ എങ്ങനെ വിവാഹ മോചന ദിനമാഘോഷിച്ചെന്ന് മകന്‍ മൊഹമ്മദ് ഏദല്‍ പറയുന്നു: അമ്മയും അമ്മാവനും ഏറെ നാള്‍ വിവാഹ മോചനത്തിന് നിയമ നടപടികള്‍ക്ക് ശ്രമിച്ചു. ഒടുവില്‍ മറ്റൊരു വഴിയായ ഖുലാ മാര്‍ഗ്ഗം സ്വീകരിച്ചു. അതായത് കോടതി നടപടികള്‍ വഴിയല്ലാതെ ഭര്‍ത്താവിന് സ്ത്രീധനം മടക്കി നല്‍കി ജീവിതം രക്ഷപ്പെടുത്തുന്ന രീതിയാണിത്. 

അച്ഛനില്‍നിന്ന് അമ്മ ഏറെ സഹിച്ചു. കോടതിയില്‍ അമ്മയെ കാണാന്‍ ബന്ധുക്കളെ അവര്‍ അനുവദിച്ചില്ല. അച്ഛന്‍ ഞങ്ങളെയും ഉപദ്രവിച്ചു. അമ്മ ഏറെ സഹിച്ചു. ഒടുവില്‍ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ അമ്മയെ അമ്മാവനും മറ്റും ചേര്‍ന്ന് തട്ടിക്കൊണ്ടു പോരികയായിരുന്നു. അങ്ങനെ ഖുലായും നടത്തി. 

ആഘോഷിക്കാന്‍ ഞങ്ങള്‍ ഒരു റസ്റ്ററന്റില്‍ ചേര്‍ന്നു. ആ ദിവസം അമ്മ ആഹ്ലാദിക്കുകയായിരുന്നു. അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ വാക്കില്ലായിരുന്നു. അത് ഞങ്ങളേയും സന്തോഷിപ്പിച്ചു, മൊഹമ്മദ് ഏദല്‍ വിശദീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.