ജൂഡ് മോശക്കാരനല്ല

Monday 5 February 2018 5:30 pm IST
നടപ്പിലും പെരുമാറ്റത്തിലും രീതിയിലും വ്യത്യസ്ത പുലര്‍ത്തുന്ന ആംഗ്ലോ ഇന്ത്യന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍പ്പെട്ട ജൂഡ് (നിവിന്‍പോളി) എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'ഹേയ് ജൂഡ്' പറയുന്നത്.

 

''ബീ യുവര്‍സെഫ്, ലൗവ് വില്‍ ഫൈന്‍ഡ് യു''... 'ഹേയ് ജൂഡി'ന്റെ ടാഗ്‌ലൈനാണിത്. കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങള്‍ പ്രേക്ഷകമനസ്സിലേക്ക് പകര്‍ന്നുനല്‍കുന്ന സംവിധായകന്‍ ശ്യാമപ്രസാദിന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് 'ഹേയ് ജൂഡും' കൂടി. ജീവിതത്തിന്റെ ആഘോഷങ്ങളും ക്ഷണികതയും പ്രേക്ഷകന്റെ ചിന്താതലങ്ങളിലേക്ക് എത്തിക്കാന്‍ 'ഹേയ് ജൂഡി'ന് കഴിയുന്നു.

നടപ്പിലും പെരുമാറ്റത്തിലും രീതിയിലും വ്യത്യസ്ത പുലര്‍ത്തുന്ന ആംഗ്ലോ ഇന്ത്യന്‍  ക്രിസ്ത്യന്‍ കുടുംബത്തില്‍പ്പെട്ട ജൂഡ് (നിവിന്‍പോളി) എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'ഹേയ് ജൂഡ്' പറയുന്നത്. 

ജൂഡിന്റെ ശൈലി അമ്മ മറിയ (നീനു കുറുപ്പ്) ഒഴിച്ച് മറ്റുള്ളവരിലെല്ലാം അസ്വസ്ഥതയുണ്ടാക്കും. കണക്കും സമുദ്രത്തെക്കുറിച്ചുള്ള ഗവേഷണവുമാണ് ജൂഡിന്റെ ലോകം. സുഹൃത്തുക്കളാരുമില്ലാത്ത ജൂഡ് ആരെയും ബുദ്ധിമുട്ടിക്കില്ല, കള്ളം പറയില്ല. പക്ഷേ ചില നിര്‍ബന്ധങ്ങളുണ്ട്. ഭക്ഷണത്തിനടക്കം എല്ലാത്തിനും ടൈംടേബിളും മെനുവുമൊക്കെയുണ്ട്. അത് തെറ്റിയാല്‍ ജൂഡ് അസ്വസ്ഥനാകും. സഹോദരി ആന്‍ഡ്രിയ (അപൂര്‍വ്വ ബോസ്) ക്കുപോലും ജൂഡിനെ സഹിക്കാനാവില്ല. മാതാപിതാക്കളുടെ ശാസനയില്‍ തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടുന്ന ജൂഡിന് വികാരങ്ങള്‍ തിരിച്ചറിയാനാവുന്നില്ല. 

പണത്തിന്റെ കണക്കില്‍ മാത്രം മുഴുകുന്ന പിശുക്കനായ ഡൊമിനിക്കാണ് ജൂഡിന്റെ അച്ഛന്‍. ചിത്രത്തില്‍ പ്രേക്ഷകരെ കോമഡി ട്രാക്കിലേക്ക് കൊണ്ടുപോകാന്‍ സിദ്ദിഖിനായി. സ്വാഭാവിക സംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഡൊമിനിക്കിന് കഴിഞ്ഞു. ഒരു ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ഗോവയിലെത്തുന്ന ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ്റ്റല്‍ (തൃഷ) കടന്നുവരുന്നതും ജൂഡിന്റെ ജീവിതം വഴിമാറുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. ക്രിസ്റ്റലും പിതാവ് സെബാസ്റ്റ്യനും (വിജയ് മേനോന്‍) സുഹൃത്തുക്കളാവുന്നതോടെ ജൂഡും മാറാന്‍ ശ്രമിക്കുന്നു. ആ മാറ്റം തന്മയത്തോടെ പ്രേക്ഷകഹൃദയങ്ങളിലെത്തിക്കാന്‍ ശ്യാമപ്രസാദ് എന്ന സംവിധായകന് കഴിഞ്ഞു.

സ്‌നേഹിക്കാനുള്ള കഴിവില്ലായ്മയാണ് ഏറ്റവും വലിയ 'അബ്‌നോര്‍മാലിറ്റി' എന്നുപറയുന്ന ചിത്രം ജീവിതത്തില്‍ 'അബ്‌നോര്‍മല്‍' അല്ലാത്ത ആരുമില്ലെന്നും നമ്മളോടു പറയുന്നു. ഓരോരുത്തര്‍ക്കും ഓരോ 'വട്ടു'കളുണ്ടാവും. ഓരോന്നിനും പുറകെയുള്ള ഓട്ടത്തില്‍ രക്ഷിതാക്കള്‍ കാണാതെ പോകുന്ന, മനസ്സിലാക്കാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നും 'ഹേയ് ജൂഡ്' ഓര്‍മ്മിപ്പിക്കുന്നു.

ഗോവന്‍ സൗന്ദര്യവും സംഗീതവും ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലവും സിനിമയ്ക്ക് മിഴിവേകുന്നു. ഗിരീഷ് ഗംഗാധരന്റെ ക്യാമറ ഗോവയുടെ സൗന്ദര്യത്തെ ഒപ്പിയെടുത്തിട്ടുണ്ട്. ശ്യാമപ്രസാദ് തന്റെ നാലുചിത്രങ്ങളിലെ സംഗീത സംവിധായകരെ ഒരുമിച്ച് 'ഹേയ് ജൂഡി'നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഔസേപ്പച്ചന്‍ (ഒരേ കടല്‍), എം.ജയചന്ദ്രന്‍ (അകലെ), രാഹുല്‍രാജ് (ഋതു), ഗോപിസുന്ദര്‍ (ഇവിടെ) എന്നിവരുടെ സംഗീതം 'ഹേയ് ജൂഡി'ന് മിഴിവേകുന്നു. അനില്‍ അമ്പലക്കര നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കനാട്ടുമാണ്. ജൂഡായി നിവിന്‍പോളിയും ഡൊമിനിക്കായി സിദ്ദിഖും സെബാസ്റ്റ്യനായി വിജയ്‌മേനോനും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. മോളിവുഡില്‍ നിന്ന് ആദ്യമായി മലയാളത്തിലെത്തിയ തൃഷയ്ക്ക് ക്രിസ്റ്റലിനെ കുറച്ചുകൂടി മികവുറ്റതാക്കാമായിരുന്നില്ലേ എന്ന് പലപ്പോഴും തോന്നിപ്പോകും. അജുവര്‍ഗ്ഗീസിന്റെ ഇടയ്ക്കുള്ള കടന്നുവരവ് പ്രേക്ഷകരെ രസിപ്പിക്കും.

നിവിന്‍പോളിയുടെ ഇതുവരെയുള്ള മികച്ച കഥാപാത്രങ്ങളിലൊന്നായി ജൂഡിനെ വിലയിരുത്താം.  പ്രേക്ഷകര്‍ക്ക് ചില ചിന്തകള്‍ സമ്മാനിച്ച്, ശബ്ദകോലാഹലങ്ങളില്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന നല്ലൊരു കുടുംബചിത്രമൊരുക്കാന്‍ ശ്യാമപ്രസാദിനായി. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.