കുടിവെള്ളക്ഷാമം നഗരത്തിലും രൂക്ഷം

Tuesday 6 February 2018 1:49 am IST


ആലപ്പുഴ: വേനല്‍ കടുത്തു തുടങ്ങിയതോടെ നഗരത്തിലെ പല പ്രദേശങ്ങളിലും  കുടിവെള്ളക്ഷാമം രൂക്ഷമായി. വിവിധ വാര്‍ഡുകളില്‍ ദിവസങ്ങളായി ശുദ്ധജലം ലഭിക്കുന്നില്ല. പുന്നമട, തത്തംപള്ളി, കൊമ്മാടി, വട്ടയാല്‍, കുതിരപ്പന്തി, ബീച്ച്, ജില്ലാ കോടതി, ചാത്തനാട്, കിടങ്ങാംപറമ്ബ്, തുടങ്ങിയ വാര്‍ഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.
  പുന്നമട വാര്‍ഡിലെ കരളകം പമ്പഹൗസില്‍ സ്ഥാപിച്ചിട്ടുള്ള ആര്‍ഒ പ്‌ളാന്റ് കേടായിട്ട് ദിവസങ്ങളായി. പുന്നമട, തലവടി, കരളകം, പാലക്കുളം തോാട്ടാതോട്, കോയിപ്പള്ളി എന്നിവടങ്ങളിലെ കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നത് ഇവിടെ നിന്നാണ്.  നേരിയ തോതില്‍ മാത്രമാണ് ഇവിടെ നിന്ന് കുടിവെള്ളം ലഭിക്കുന്നത്. നഗരത്തിലെ മിക്ക റോഡുകളും തോടാകും വിധം പൈപ്പ്‌ലൈന്‍ പൊട്ടി ജലം പാഴാകുന്നു.
  പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപണി തീര്‍ക്കാന്‍ നഗരസഭയും ജലഅതോറിറ്റിയും പരസ്പരം പഴിചാരി തടിതപ്പുകയാണ്. പഴയപൈപ്പുകള്‍ പൊട്ടിയ ഭാഗങ്ങളിലൂടെ മാലിന്യങ്ങള്‍ പൈപ്പ് വെള്ളത്തില്‍ കലരുന്നു. 
  ആര്‍ഒ പ്ലാന്റുകള്‍ക്ക് മുന്നില്‍ മണിക്കൂറോളം കുടിവെള്ളത്തിനായി കാത്തുനില്‍ക്കുന്ന കാഴ്ചയാണ്. നഗരത്തില്‍ ആകെയുള്ള ആശ്രയം ജല അതോറിറ്റിയുടെ പൈപ്പും ആര്‍ഒ പ്ലാന്റുകളുമാണ്.കുടിവെള്ളവിതരണത്തിന്റെ ഭാഗമായി പുതിയ പൈപ്പുകള്‍ സ്ഥാപിക്കണമെന്നിരിക്കെ പലയിടങ്ങളിലും പഴയ പൈപ്പ് ലൈനുകളിലൂടെയാണ് കുടിവെള്ളവിതരണം നടക്കുന്നത്.
  ഇത് തുടര്‍ച്ചയായി പൊട്ടുന്നതാണ് കുടിവെള്ളവിതരണം തടസപ്പെടുന്നതും മലിനജലം ലഭിക്കുന്നതിനും കാരണമായി നാട്ടുകാര്‍ പറയുന്നത്. കുടിക്കുവാനും പാചകം ചെയ്യുവാനും പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നഗരവാസികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.