ബെംഗളൂരു: ബിജെപിയുടെ മുന്നേറ്റത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അഴിമതിക്കേസുകളില്‍ ജയിലില്‍ പോകുമോ എന്നു ഭയം. ഇതോടെ കര്‍ശന വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമായി സിദ്ധരാമയ്യ പ്രധാനമന്ത്രി മോദിക്കെതിരേ തിരിഞ്ഞു. മോദി പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും സ്വബോധമില്ലാതെ സംസാരിക്കുന്നുവെന്നും വരെ കര്‍ണ്ണാടക മുഖ്യന് ആരോപിച്ചു.
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആകെ പരുങ്ങലിലാണ്. ജന വികാരം സംസ്ഥാന ഭരണത്തിനെതിരായി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നയനിലപാടുകള്‍ പാര്‍ട്ടിക്കും ഭരണത്തിനും പ്രതിസന്ധിയുണ്ടാക്കി. ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന രാഷ്ട്രീയ പ്രചാരണം താങ്ങാന്‍ മുഖ്യമന്ത്രിക്കാകുന്നില്ല. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മൈസൂര്‍ റാലി ദിവസം മൈസൂരില്‍ ഹര്‍ത്താല്‍ നടത്തി. കോണ്‍ഗ്രസ് അനുകൂല സംഘടനയായിരുന്നു ഹര്‍ത്താലിനു പിന്നില്‍. സര്‍ക്കാര്‍ കൈയയച്ചു സഹായിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തലേന്നായിരുന്നു അത്. ഇത് ജനപ്രതിഷേധം ഏറെ ഉണ്ടാക്കി.
പ്രധാനമന്ത്രിയുടെ ബെംഗളൂര് റാലി നടന്ന ഫെബ്രുവരി നാലന് കര്‍ണാടകത്തില്‍ ബന്ദ് നടത്താന്‍ സിദ്ധരാമയ്യയും കോണ്‍ഗ്രസും ആസൂത്രണം നടത്തി. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. സര്‍ക്കാരിനും കോണ്‍ഗ്രസിനും കടുത്ത വിമര്‍ശനവും കോടതിയില്‍നിന്ന് ഉണ്ടായി. ഇങ്ങനെ ആകെ പ്രഹരമേറ്റിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരസ്യ വിമര്‍ശനങ്ങള്‍ വന്നത്.
ഒരു സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന് വാങ്ങുന്നുവെന്നും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി വിളിച്ചു പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കിയ പണം ജനങ്ങള്ക്കെത്തുന്നില്ലെന്ന് മോദി വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്രം നല്കുന്ന പണം സംസ്ഥാനത്തുനിന്ന് കിട്ടുന്നതാണെന്ന വിശദീകരണമേ മുഖ്യമന്ത്രി നല്കിയുള്ളു. ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നില്ലെന്ന പ്രസ്താവനയോടു പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് വന്‍ പ്രചാരണമാണ് സംസ്ഥാനത്ത് മാദ്ധ്യമങ്ങള്‍ നല്‍കിയത്. ബിജെപി പ്രധാനമന്ത്രി നടത്തിയ പ്രസംഗം പരമാവധി പ്രചരിപ്പിക്കുന്നുമുണട്. അഴിമതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമെന്ന് ഉറപ്പായി. സിദ്ധരാമയ്യയും മുഴുവന്‍ മന്ത്രിമാരും അഴിമതിക്കേസുകളില്‍ പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി ഭരണം വരുന്നതോടെ അഴിമതിയന്വേഷണം ഉറപ്പാണ്. അതോടെ ജയിലില്‍ പോകേണ്ടിവരുമോ എന്ന ഭയമാണ് മുഖ്യമന്ത്രിയുടെ വിറളിപിടിച്ച വിമര്‍ശനങ്ങള്‍ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: