കടലാടി

Tuesday 6 February 2018 2:45 am IST

ഇത് രണ്ട് വിധമുണ്ട്. വന്‍കടലാടി, ചെറുകടലാടി. 

വന്‍കടലാടി ശാസ്ത്രീയ നാമം : Achyranthes aspera

ചെറുകടലാടി ശാസ്ത്രീയ നാമം: Cyathula prostrata

സംസ്‌കൃതം : ഖരമഞ്ജരി

തമിഴ്: നായുരുവി

എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം നനവുള്ള ചോലപ്രദേശങ്ങളില്‍ ചെറുകടലാടി കാണാം. കേരളത്തില്‍ റബ്ബര്‍ തോട്ടങ്ങളിലും ധാരാളമായി കണ്ടുവരുന്നു. നനവുള്ള  സ്ഥലങ്ങളിലും കാണാം. ഇന്ത്യയില്‍ ഉടനീളം വരണ്ട പ്രദേശങ്ങളില്‍ വന്‍കടലാടി കാണാം. കേരളത്തില്‍ പാലക്കാട്, മറയൂര്‍, ചിന്നാര്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍: ചെറുകടലാടി വേര്, പച്ചമഞ്ഞള്‍, നിലംപരണ്ട വേര് ഇവ ഓരോന്നും രണ്ട് ഗ്രാം വീതം അരച്ച് ഉരുട്ടി ദിവസം രണ്ടുനേരം സേവിച്ചാല്‍ തൈറോക്‌സിന്‍ അളവ് കുറയും. 10 ദിവസം തുടര്‍ച്ചയായി കഴിക്കണം.

വന്‍കടലാടിയുടെ ഉപയോഗങ്ങള്‍: വന്‍കടലാടി വിത്ത് ഒരു മുളന്തണ്ടില്‍ നിറച്ച് മണ്ണുകൊണ്ട് തീയില്‍ ചുടുക. മണ്ണ് വിണ്ടുകീറികഴിഞ്ഞാല്‍ വിത്ത് എടുത്ത് പൊടിച്ച് ഒരു ദിവസം 10 ഗ്രാം വീതം മൂന്ന് നേരം കഴിച്ചാല്‍ ഏഴ് ദിവസത്തോളം ജലപാനം പോലും കൂടാതെ ആരോഗ്യവാനായി ഇരിക്കാം. 

തമിഴ്‌നാട്ടിലെ ഉള്‍ ഗ്രാമങ്ങളില്‍ വന്‍കടലാടിയുടെ പൂക്കുല ഉണക്കിപ്പൊടിച്ച്  വന്‍കടലാടി സമൂലം വെന്ത വെള്ളത്തില്‍ ( കഷായത്തില്‍) അഞ്ച് ഗ്രാം വീതം 41 ദിവസം രണ്ട് നേരം സേവിച്ചാല്‍ പേപ്പട്ടി വിഷം മാറും എന്ന് പറയപ്പെടുന്നു( ലേഖകന്‍ പരീക്ഷിച്ചിട്ടില്ല). വന്‍കടലാടിയരി, വന്‍കടലാടി ഇല ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ച് ലേപനം ചെയ്താല്‍ പാമ്പുവിഷം കുറയും. തേള്‍, പഴുതാര എന്നിവയുടെ വിഷം ശമിക്കുന്നതിനും നല്ലതാണ്. ത്വക് രോഗങ്ങള്‍ക്കും ശ്രേഷ്ഠമായ ഔഷധമാണ്. 

വന്‍കടലാടി ഉണക്കി കത്തിച്ച് അതിന്റെ ഭസ്മം വെള്ളത്തില്‍ കലക്കുക. ആ വെള്ളം സൂര്യപ്രകാശത്തില്‍ വറ്റിച്ച്, അതില്‍ നിന്നും കിട്ടുന്ന ഉപ്പ് 20 മില്ലി ഗ്രാം വീതം തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ വയറുവേദന മാറും. വന്‍കടലാടി കത്തിച്ചാല്‍ കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി തെളിനീര്‍ എടുത്ത ശേഷം കിട്ടുന്ന ഭസ്മം, തെളിനീരിന്റെ നാലിലൊന്ന് എള്ളെണ്ണ ചേര്‍ത്ത് അരക്ക് മധ്യപാകത്തില്‍ തൈലം കാച്ചി  ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിയ്ക്കുള്ളിലെ ചൊറിച്ചില്‍ ഇവയ്ക്ക് ശമനം കിട്ടും. വന്‍കടലാടി ഉണക്കി പൊടിച്ചത് 60 ഗ്രാം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രണ്ട് നേരം സേവിച്ചാല്‍ ന്യുമോണിയ, ചുമ ഇവ മാറും. 100 മില്ലി വീതം രണ്ട് മണിക്കൂര്‍ ഇടവിട്ട് സേവിച്ചാല്‍ ഗര്‍ഭിണികള്‍ പ്രയാസം കൂടാതെ പ്രസവിക്കും. 

വന്‍കടലാടി കത്തിച്ച് ഭസ്മമെടുത്ത് വെള്ളത്തില്‍ കലക്കുക. ആ വെള്ളം ഉപയോഗിച്ച് ഫംഗസ് ബാധയുള്ള ശരീരഭാഗം കഴുകിയാല്‍ ഫംഗസ് ബാധ മാറും. വന്‍കടലാടിയില ഒരു കിലോ ഏഴ് ദിവസം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് വാറ്റിയെടുക്കുന്ന അര്‍ക്കം( ചാരായം) 10 മില്ലി വീതം സേവിച്ചാല്‍ കുഷ്ഠം മാറിക്കിട്ടും. ത്വക് രോഗികള്‍ക്ക് ലേപനമായിട്ടും ഉപയോഗിക്കാം. 

വന്‍കടലാടി വേര് തേനില്‍ അരച്ച് കണ്ണില്‍ എഴുതിയാല്‍ കണ്ണിലുണ്ടാകുന്ന പൂപ്പലും കാഴ്ചക്കുറവും മാറിക്കിട്ടും. മുറിവില്‍ നിന്നുണ്ടാകുന്ന രക്തം നില്‍ക്കുന്നതിനും വേര് അരച്ച് തേച്ചാല്‍ മതി. അടിവയറ്റില്‍ ഉണ്ടാകുന്ന ട്യൂമറിനും വേര് അരച്ച് തേനില്‍ സേവിക്കുന്നത് ശ്രേഷ്ഠമാണ്. വേര് വെന്ത് വായില്‍ കൊണ്ടാല്‍ പല്ലുവേദനയും വായപ്പുണ്ണും ശമിക്കും. ഈ കഷായം കൊണ്ട് കഴുകിയാല്‍ സിഫിലിസ് വ്രണം മാറിക്കിട്ടും. ഗര്‍ഭിണികള്‍ വന്‍കടലാടി വേരുകൊണ്ടുള്ള കഷായം ഒരു കാരണവശാലും കുടിക്കാന്‍ പാടില്ല. ഗര്‍ഭഛിദ്രമാകും ഫലം. വേര് വാറ്റിയെടുക്കുന്ന അര്‍ക്കം ഒരു ഔണ്‍സ് വീതം രണ്ട് നേരം സേവിച്ചാല്‍ എല്ലാ ആര്‍ത്തവദോഷവും മാറിക്കിട്ടും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.