കേരള ഭരണത്തില്‍ സിപിഎമ്മിന്റെ അരാജകത്വം

Tuesday 6 February 2018 2:30 am IST
മിക്കപ്പോഴും സംസ്ഥാന ഖജനാവ് കാലിയായിരിക്കും. അതിന്റെ ചുമതലയുള്ള മന്ത്രിക്ക് കുറ്റം പറയാന്‍ നോട്ട് നിരോധനവും ജിഎസ്ടിയും മാത്രം.

എല്‍ഡിഎഫ് സര്‍ക്കാരിലെ പ്രധാന കക്ഷിയായ സിപിഎമ്മും സംഘടിത മതന്യൂനപക്ഷ സമുദായങ്ങളും കൂടി കേരളത്തെ വെള്ളരിക്കാ പട്ടണമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇവിടെ ഭരണ സ്തംഭനം മാത്രമല്ല, ഭരണഘടനാ സ്തംഭനവും വന്നു ഭവിച്ചിരിക്കുകയാണ്. ഭരണഘടനാനുസൃതമായി രൂപീകൃതമായ നിയമങ്ങളും, ഭരണഘടനയുടെ തന്നെ സൃഷ്ടിയായ സംസ്ഥാന ഭരണകൂടവും കമ്മ്യൂണിസ്റ്റുകാരുടെയും സംഘടിത മതങ്ങളുടേയും തീവ്രവാദികളുടേയും സംഘടനാ ബലത്തിന്റെ മുന്‍പില്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നു.

ഭരണകക്ഷിയായ സിപിഎമ്മിന്റെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി മുതല്‍ ഏറ്റവും കീഴ്ഘടകം വരെയുള്ള നേതാക്കളും അണികളും നിയമത്തെ കാറ്റില്‍പ്പറത്തി നിയമപാലകരെ നിഷ്‌ക്രിയരാക്കി നിര്‍ത്തിയിരിക്കുകയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ള രാഷ്ട്രീയ സംഘടനകളുടെ കാര്യാലങ്ങള്‍ ആക്രമിക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിച്ച് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ ഇന്ന് ഏറെ ആശങ്കാകുലരാണ്. അധികാര ലബ്ധിയില്‍ നിലമറന്ന മട്ടിലാണ് സിപിഎമ്മുകാര്‍. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 18 മാസം കഴിഞ്ഞപ്പോഴേക്കും സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ എണ്ണം പതിനെട്ടാണ്. 

ഇതെല്ലാം നടക്കുന്നത് മുഖ്യമന്ത്രിപദവും ആഭ്യന്തര മന്ത്രിപദവും പിണറായി വിജയന്‍ കയ്യാളുമ്പോഴാണ്. ഇത്രയും ഹീനമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും പോലീസ് ജനങ്ങള്‍ക്ക് ഭീതിയുളവാക്കുന്ന രീതിയില്‍ നിഷ്‌ക്രിയത്വം പാലിക്കുന്നു. കാരണം ആഭ്യന്തര മന്ത്രിയുടെ പാര്‍ട്ടി സഖാക്കളാണ് കൊലയും കൊള്ളിവയ്പ്പും നടത്തുന്നത്. 

കഴിഞ്ഞ ഡിസംബറില്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍  ആര്‍എസ്എസ് താലൂക്ക് കാര്യാലയം സി പി എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐക്കാര്‍ പട്ടാപ്പകല്‍ സംഘം ചേര്‍ന്ന് അടിച്ചുതകര്‍ക്കുകയും, കാര്യാലയത്തിലുണ്ടായിരുന്ന സ്വയം സേവകരെ ആക്രമിക്കുകയും ചെയ്തു. അതിനടുത്തയാഴ്ച ആ കാര്യാലയം തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അത്തരം ഗൗരവതരമായ ക്രിമിനല്‍ കുറ്റങ്ങളുണ്ടായാലും പോലീസ് അലംഭാവം കാണിക്കുകയാണ്. സിപിഎമ്മിന്റെ അക്രമത്തിനിരയായവര്‍ പരാതി നല്‍കിയാല്‍ ഇരയുടെ പേരിലാണ് പോലീസ് കേസെടുക്കുന്നത്. പോലീസ് പക്ഷപാതിത്വത്തിന്റെ ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ജനക്ഷേമ കരമായ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍, കടത്തെ മാത്രം ആശ്രയിക്കുകയാണ് ഭരിക്കാന്‍. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന്റെ ഫലമായി നിരവധി ജീവന്‍ കടലെടുത്തു. അങ്ങനെ നിരാലംബരായ കുടുംബങ്ങളുടെ പുനരധിവാസത്തിനനുവദിച്ച ഫണ്ടില്‍നിന്ന് വേണ്ടിയിരുന്നു മുഖ്യമന്ത്രിക്ക് പാര്‍ട്ടി സമ്മേളന സ്ഥലത്തുനിന്ന് തലസ്ഥാനത്ത് എത്തി തിരിച്ചു പോകാന്‍ എടുത്ത ഹെലികോപ്റ്റര്‍ വാടകയായ എട്ട് ലക്ഷം രൂപ അടയ്ക്കാന്‍. എത്ര നീചമായ മനഃസ്ഥിതിയെയാണ് അത് വെളിവാക്കുന്നത്. ദുരന്തനിവാരണ പാക്കേജിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സംഘം എത്തുമെന്നറിഞ്ഞിട്ടും തലസ്ഥാനത്ത് തങ്ങാതെ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിന് പോയതുകൊണ്ടാണ് പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരേണ്ടി വന്നത്.

 കോടാനുകോടി പണം മുടക്കിയാണ് സര്‍ക്കാര്‍ നേട്ടങ്ങളെക്കുറിച്ച് പത്രങ്ങള്‍ എല്ലാത്തിലും പരസ്യം നല്‍കിയത്-കേരളം നമ്പര്‍ വണ്‍! കുറ്റകൃത്യങ്ങളുടെ കാര്യത്തിലൊഴിച്ച് മറ്റെന്തിന്റെ കാര്യത്തിലാണ് കേരളം ഒന്നാം സ്ഥാനത്ത്! ഇയ്യിടെ കോടികള്‍ മുടക്കി സംഘടിപ്പിച്ച ലോക കേരളസഭ പോലെയുള്ള അസംബന്ധ നാടകങ്ങളിലൂടെ ആളുകളെ പറ്റിക്കാമെന്നാണോ വിചാരം! മിക്കപ്പോഴും സംസ്ഥാന ഖജനാവ് കാലിയായിരിക്കും. അതിന്റെ ചുമതലയുള്ള മന്ത്രിക്ക് കുറ്റം പറയാന്‍ നോട്ട് നിരോധനവും ജിഎസ്ടിയും മാത്രം. കേരളത്തില്‍ മാത്രമായിട്ടാണ് നോട്ട് നിരോധിച്ചതും ജിഎസ്ടി നടപ്പാക്കിയതും എന്നുതോന്നും ധനമന്ത്രിയുടെ വാചകമടി കേട്ടാല്‍. 

തനിക്ക് ഭരിക്കാന്‍ കഴിവില്ല എന്ന വാസ്തവം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് തോമസ് ഐസക്ക് എന്നാണ് മനസ്സിലാക്കുക? സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും ഭരണസ്തംഭനമാണ്. വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന തുകകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയും കെടുകാര്യസ്ഥതയുംകൊണ്ട് ലാപ്‌സാകുന്നു. എല്‍ഡിഎഫ് ഭരണത്തിന്റെ കുറ്റവും കുറവും നിരത്തി സര്‍ക്കാരിനെ വിമര്‍ശിക്കാനും  ഭരണ പരാജയത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനും ശക്തമായ പ്രതിപക്ഷം നിയമസഭയില്‍ ഇല്ലാത്തതും കേരളത്തിന്റെ ശാപമാണ്. ബിജെപിയുടെ ഒരംഗം മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തുള്ളത്. ആ ഒരംഗമോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രി പറയുന്നത് ബിജെപി കേന്ദ്രത്തിലെ കാര്യം മാത്രം നോക്കിയാല്‍ മതി എന്നാണ്. അത്രയ്ക്കുണ്ട് നമ്മുടെ മുഖ്യമന്ത്രിയുടെ ജനാധിപത്യ ബോധം. 

നിരവധി കൊലപാതകങ്ങളും അക്രമങ്ങളും മൂലം ക്രമസമാധാനനില അമ്പേ തകര്‍ന്ന നിലയിലായിരിക്കുമ്പോഴാണ് കണ്ണൂരില്‍ ഒരു എബിവിപി വിദ്യാര്‍ത്ഥിയുടെ കൊലപാതകം നടന്നത്. സഹികെട്ടിട്ടായിരിക്കണം ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം സര്‍ക്കാരിനെ അതിന്റെ പേരില്‍ പരസ്യമായി വിമര്‍ശിച്ചത്. ഏതായാലും അങ്ങനെ വിമര്‍ശിച്ച ഗവര്‍ണറെക്കൊണ്ട് കേരളത്തിലെ ക്രമസമാധാനനില ഭദ്രമാണെന്ന് എഴുതിക്കൊടുത്ത് ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ വായിപ്പിച്ച് പകരം വീട്ടി. നിക്ഷേപക സൗഹൃദത്തിന്റെ കാര്യത്തിലും ആഭ്യന്തര ഉല്‍പാദനത്തിന്റെ വര്‍ദ്ധനവിന്റെ കാര്യത്തിലും ഇന്ത്യ കുതിച്ചുകയറുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ സംസ്ഥാന ഗവര്‍ണറെക്കൊണ്ട് ചൈന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്നതും മറ്റും നമ്മള്‍ കണ്ടുപഠിക്കണമെന്ന് പ്രസംഗിപ്പിച്ചു. ബൂര്‍ഷ്വാ പണിയായ സംരംഭകത്വവും നിക്ഷേപവും ചൈനയ്ക്കാകാം. ഭാരതത്തില്‍ അതെല്ലാം ഉണ്ടായാല്‍ അതിന്റെ നേര്‍ക്ക് കണ്ണടയ്ക്കും. സിപിഎം നയിക്കുന്ന സര്‍ക്കാര്‍ ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്റ്റാര്‍ട്ടപ്പ്, സ്റ്റാന്റപ്പ് തുടങ്ങിയ പദ്ധതികളെ പ്രോത്സാഹിപ്പിക്കാത്തത് എന്താണ്? അതോ ബിജെപിക്കാരനായ പ്രധാനമന്ത്രിയുടെ സംരംഭകത്വത്തിനേക്കാള്‍ കേമം ചൈനയുടേതാണ്  എന്നുണ്ടോ?

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം ന്യൂനപക്ഷ മത വിഭാഗങ്ങളേയും തീവ്രവാദ സംഘടനകളേയും കൂട്ടുപിടിച്ചാണ് അധികാരത്തിലേറിയത്. അതിന് പ്രതിഫലമായി അവര്‍ക്കെല്ലാം നിയമ ലംഘനങ്ങള്‍ നടത്തി സര്‍ക്കാര്‍ ഭൂമിയും കായലോരവും മലയോരവും എല്ലാം കൈയേറി സ്വന്തമാക്കാനുള്ള മൗനാനുവാദം നല്‍കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിലെ മറ്റൊരു പ്രധാന കക്ഷിയുടെ വകുപ്പുകളില്‍ കൈകടത്തിയാണ് സിപിഎം ഭൂമാഫിയകളെ സഹായിക്കുന്നത്. കൈയേറ്റക്കാര്‍ക്ക് യഥേഷ്ടം സര്‍ക്കാര്‍ ഭൂമിയിലും വനപ്രദേശങ്ങളിലും തങ്ങളുടെ മതചിഹ്നങ്ങള്‍ സ്ഥാപിച്ച് ഭൂമി കൈയേറ്റം നടത്തുന്നതിനെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിത്തിരിക്കുന്നു. അതിനെതിരായി ആരും ഒരക്ഷരം ഉരിയാടുന്നില്ല. തീവ്ര പരിസ്ഥിതിവാദികളാകട്ടെ, പരിസ്ഥിതി പ്രേമികളായ ബുദ്ധിജീവികളാകട്ടെ, മൗനം പാലിക്കുന്നു. അനധികൃതമായ സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ഒരു കുരിശ് എവിടെയെങ്കിലും മറിഞ്ഞുവീണാല്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രി നിരവധി ഹൈന്ദവ ക്ഷേത്രങ്ങള്‍ കൊളളയടിക്കപ്പെടുമ്പോഴോ കത്തിച്ചാമ്പലാകുമ്പോഴോ മൗനവ്രതം അനുഷ്ഠിക്കുന്നു. എന്നാല്‍ അതേ മുഖ്യമന്ത്രി തന്നെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ പാര്‍ട്ടി സഖാക്കള്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.