പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകള്‍

Tuesday 6 February 2018 2:45 am IST

അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, അശ്ലീലം, ധൂര്‍ത്ത്. സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം തകര്‍ക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ ധൂര്‍ത്താണ് ഏറ്റവുമൊടുവില്‍ പുറത്തായിരിക്കുന്നത്. ആയുര്‍വേദ ചികിത്സയ്ക്കായി ഒന്നേകാല്‍ ലക്ഷം രൂപയാണ് ഖജനാവില്‍നിന്ന് മന്ത്രി ഐസക് ചെലവഴിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ 49,900 രൂപ കൊടുത്ത് കണ്ണട വാങ്ങിയതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണിത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇക്കാര്യത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. വിലകൂടിയ കണ്ണട വാങ്ങിയതുള്‍പ്പെടെ തന്റേയും കുടുംബത്തിന്റേയും ചികിത്സയ്ക്ക് 3,81,876 രൂപയാണ് ശൈലജ എഴുതിയെടുത്തത്.  ചികിത്സാ ചെലവുകള്‍ ലഭിക്കുന്നതിനായി മന്ത്രി ഹാജരാക്കിയ രേഖകള്‍ വ്യാജമായിരുന്നുവെന്നും ആരോപണമുയര്‍ന്നു. ഏതൊക്കെ മന്ത്രിമാര്‍ എത്രവീതം തുകയാണ് ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് ഇപ്രകാരം എടുത്തിട്ടുള്ളതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. എല്ലാം വെളിപ്പെടുമ്പോള്‍ ഒരു തസ്‌കര സംഘംതന്നെയാണ് തലസ്ഥാനത്ത് തമ്പടിച്ചിട്ടുള്ളതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവും. 28,000 രൂപയാണ് മന്ത്രി ശൈലജ കണ്ണട വാങ്ങാന്‍ ചെലവാക്കിയത്. ഒരു മന്ത്രിക്ക് ഇത്ര രൂപയുടെ കണ്ണട വാങ്ങാമെങ്കില്‍, സഭാനാഥനായ തനിക്ക് എന്തുകൊണ്ട് അതിന്റെ ഇരട്ടിയായിക്കൂടായെന്ന് ശ്രീരാമകൃഷ്ണന്‍ ചിന്തിച്ചിട്ടുണ്ടാവാം.

സ്വന്തം നിലയ്ക്ക് ആര്‍ക്കും എന്താവശ്യത്തിനും എത്ര പണം വേണമെങ്കിലും ചെലവഴിക്കാം. അതൊന്നും ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ പോകുന്നില്ല. പക്ഷേ ജനപ്രതിനിധികളായിരിക്കുന്നവര്‍ നികുതിപ്പണം ഉപയോഗിച്ച് മുഖം സുന്ദരമാക്കാന്‍ പതിനായിരങ്ങള്‍ വിലയുള്ള കണ്ണടകള്‍ വാങ്ങുന്നതും സുഖചികിത്സയ്ക്കുപോകുന്നതുമൊക്കെ ചോദ്യം ചെയ്യപ്പെടും.  മന്ത്രി ശൈലജയും ശ്രീരാമകൃഷ്ണനുമൊക്കെ ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടിട്ടും പാര്‍ട്ടി ഇവര്‍ക്കൊപ്പം നില്‍ക്കുകയാണ്. കമ്യൂണിസ്റ്റുകാര്‍ എക്കാലവും കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് കീറപ്പായില്‍ കിടന്നുറങ്ങേണ്ടവരാണെന്ന ധാരണ ശരിയല്ലെന്നാണ് സിപിഎം നേതാക്കള്‍ ന്യായീകരിക്കുന്നത്. നേതാക്കള്‍ വെറുതെയൊരു ന്യായവാദം ഉന്നയിക്കുന്നതാണ്. ഇങ്ങനെയൊന്നും ആരും പറയുന്നില്ല.  ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്നതും രാഷ്ട്രീയ സദാചാരത്തെ കാറ്റില്‍പ്പറത്തുന്നതുമായ ജീവിതശൈലിയെയാണ് എതിര്‍ക്കുന്നത്. അതും സര്‍ക്കാര്‍ ചെലവിലാകുമ്പോള്‍ മാത്രം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ധാരാളമുള്ളപ്പോഴാണ് മന്ത്രിമാരായ ശൈലജയും ഐസക്കും ആഡംബര ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. 2000-ല്‍ എല്‍ഡിഎഫ് കണ്‍വീനറായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ വിദഗ്ദ്ധ ചികിത്സയ്ക്കു പോയത് ലണ്ടനിലായിരുന്നു. അപ്പോള്‍ വിഎസിന്റെ അനുയായികള്‍ക്ക് എന്തുതന്നെ ആയിക്കൂടാ! 

ഇടതുപാര്‍ട്ടികളുടെ പിതൃഭൂമിയായിരുന്ന സോവിയറ്റ് യൂണിയനില്‍ സോഷ്യലിസ്റ്റ് ഭരണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സമ്പന്നരായ 'പുതിയ വര്‍ഗം' ഉയര്‍ന്നുവന്നിരുന്നു. വര്‍ഗരഹിത സമൂഹത്തില്‍ സമത്വസുന്ദരലോകം സൃഷ്ടിക്കുന്നതിനിടെയായിരുന്നു ഇത്! മറ്റൊരു സോഷ്യലിസ്റ്റ് രാജ്യമായിരുന്ന റൊമാനിയയില്‍ ഭരണാധികാരിയുടെ ഭാര്യ കുളിമുറിയില്‍പ്പോലും ഉപയോഗിച്ചത് സ്വര്‍ണപ്പാദുകങ്ങളായിരുന്നുവത്രെ. സഹികെട്ട ജനങ്ങള്‍ ഒടുവില്‍ ഈ ഭരണാധികാരിയെ ഓടിച്ചിട്ടുപിടിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. 'ബിഗ് ബ്രദര്‍' പിണറായിയുടെ മന്ത്രിസഭ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതേയുള്ളൂ.  ഇതിനകംതന്നെ പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകളായി മാറിയിരിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിനെ നാണക്കേടിന്റെ പടുകുഴിയില്‍ വീഴ്ത്തിയിരിക്കുന്നു. അവശേഷിക്കുന്ന ഭരണകാലാവധിയില്‍ ഇവര്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഒരു കാര്യം ഉറപ്പാണ്, ലഭിക്കുന്ന ആദ്യ അവസരം ഉപയോഗിച്ച് ജനങ്ങള്‍ ഇക്കൂട്ടരെ ഇറക്കിവിടും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.