മൂന്നാമത്തെ മികച്ച നഗരസഭയാണ്... പക്ഷേ, ചീഞ്ഞുനാറുന്നു

Tuesday 6 February 2018 2:00 am IST
നഗരത്തിലെ മാലിന്യനീക്കം നിലച്ചതോടെയാണ് മാലിന്യം കുമിഞ്ഞ്കൂടി ജനങ്ങളെ ദുരിതത്തിലാക്കുന്നത്.

 

ചാലക്കുടി: സംസ്ഥാനത്തെ മികച്ച നഗരസഭയെന്ന കേമത്തമൊക്കെയുണ്ട്. പക്ഷേ, മുക്കുപൊത്താതെ നിരത്തിലിറങ്ങാനാകില്ല. ചാലക്കുടി നഗരസഭയ്ക്കാണ് ഈ ദുര്‍ഗതി. 

നഗരത്തിലെ മാലിന്യനീക്കം നിലച്ചതോടെയാണ് മാലിന്യം കുമിഞ്ഞ്കൂടി ജനങ്ങളെ ദുരിതത്തിലാക്കുന്നത്. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം താറുമാറായാതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പരാതി. ഈ വിഭാഗത്തിന് നാഥനില്ലാതായിട്ട് കാലമേറെയായി. രാഷ്ട്രീയ വടംവലിയുടെ ഭാഗമായി ആരോഗ്യ വിഭാഗം സ്ഥിരം സമിതിയധ്യക്ഷ രാജിവച്ചിരുന്നു. സൂപ്പര്‍വൈസറും, മറ്റു ചില ഉദ്യോഗസ്ഥരും ലീവിലാണ്.

ചാലക്കുടി പള്ളിയിലെ പെരുന്നാള്‍ കൂടി കഴിഞ്ഞതോടെ സ്ഥിതി ദയനീയമായി. തിരുനാളിന്റെ ഭാഗമായി നടത്താറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണയുണ്ടായില്ല. ഇതിന്റെ ഭാഗമായി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക മൂത്രപ്പുരകളും മറ്റും നിര്‍മിക്കാറുണ്ട്. ഇത്തവണ അതൊന്നും തന്നെയില്ല. നിലവിലെ കംഫര്‍ട്ട് സ്റ്റേഷനകള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്.

മാലിന്യ നീക്കം നിലച്ചത്തില്‍ പ്രതിക്ഷേധിച്ച് നഗരസഭ കൗണ്‍സിലര്‍മാര്‍ ഓഫീസിന് മുന്‍പില്‍ സമരം നടത്തി. മാലിന്യങ്ങള്‍ അടിയന്തരമായി നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരവുമായു രംഗത്തെത്തുമെന്നും ഇവര്‍ പറഞ്ഞു. സമരത്തിന് ഷിബു വാലപ്പന്‍, കെ.വി. പോള്‍, പി.എം. ഭാസ്‌ക്കരന്‍, മേരി നളന്‍, ആലീസ് ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.