സാമ്പത്തിക പുന:സംഘടന ഉറപ്പാക്കുന്ന ബജറ്റ്

Tuesday 6 February 2018 2:45 am IST

നിഷ്‌ക്രിയാസ്തികള്‍ കാരണം തകര്‍ന്നടിഞ്ഞ ബാങ്കിങ് മേഖലയും വര്‍ഷങ്ങളായുള്ള സര്‍ക്കാര്‍ ധൂര്‍ത്തും വമ്പന്‍ അഴിമതികളും കണ്ടും കേട്ടും മനംമടുത്തിരുന്ന സാഹചര്യത്തിലാണ് 2014 മെയ് മാസത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ത്രൈമാസ നിലവാരമെടുത്താല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) 12 തവണ തുടര്‍ച്ചയായി ഇടിവുണ്ടായ കാലമായിരുന്നു അത്. ത്രൈമാസാവലോകനത്തില്‍ 24 തവണയാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ധനം ധൂര്‍ത്തടിക്കുന്നതിലൂടെ സര്‍ക്കാരിന്റെ മൂലധന സമാഹരണം 30 ശതമാനം കുറഞ്ഞെന്നു മാത്രമല്ല, 400 ബില്യണ്‍ ഡോളറിന്റെ ധനക്കമ്മിയും അന്ന് നിലവിലുണ്ടായിരുന്നു. 

എന്നാല്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി ആശാവഹമായ തിരിച്ചുവരവാണ് സാമ്പത്തിക മേഖലയില്‍ ദൃശ്യമായിരിക്കുന്നത്. ജിഡിപി വളര്‍ന്നു, ആളോഹരി വരുമാനം വര്‍ദ്ധിച്ചു, 2016-17 സാമ്പത്തിക വര്‍ഷം 60.06 ബില്യണ്‍ ഡോളറെന്ന സര്‍വ്വകാല റെക്കോര്‍ഡോടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടായി. മാത്രമല്ല, രാജ്യത്തിന് ഇപ്പോള്‍ 410 ബില്യണ്‍ ഡോളറിന്റെ എക്കാലത്തേക്കാളും ഉയര്‍ന്ന വിദേശനാണ്യ ശേഖരവുമുണ്ട്. കാലങ്ങളോളം നീണ്ട ധൂര്‍ത്തും പാഴ്‌ച്ചെലവുകളും അവസാനിച്ചു. ഇന്ന് സര്‍ക്കാര്‍ ധനയിടപാടുകളില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ട്. 

ഇതിന്റെയൊക്കെ ഫലമായി ഒരു പരിധിവരെ പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സ്വജനപക്ഷ-മുതലാളിത്തവും പൊതുമേഖലാ ബാങ്കുകളുടെ കെടുകാര്യസ്ഥതയുമാണ് ഇതോടെ അവസാനിക്കുന്നത്. അഴിമതിക്കെതിരെ ആഞ്ഞടിക്കുന്ന നടപടികളുടെ കാലമാണ് ഇപ്പോള്‍. ഭാരതത്തില്‍ നിക്ഷേപസൗഹാര്‍ദ്ദ അന്തരീക്ഷം സംജാതമായിക്കഴിഞ്ഞു.  മാത്രമല്ല,  ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് ഭാരതമെന്ന വര്‍ദ്ധിച്ച ആത്മവിശ്വാസം നിക്ഷേപകരില്‍ വളര്‍ന്നിട്ടുമുണ്ട്. സ്വകാര്യ ഉപഭോഗത്തിന്റെ 7.4 ശതമാനമെന്ന നിരക്കിനെ കടത്തിവെട്ടി രാജ്യത്തെ നിക്ഷേപനിരക്ക് 2018-19 സാമ്പത്തികവര്‍ഷത്തില്‍ 8.8 ശതമാനമാകുമെന്നും തല്‍ഫലമായി രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുമെന്നുമാണ് ലോകബാങ്ക് പ്രവചിക്കുന്നത്. 

നാല് വര്‍ഷം മുന്‍പുവരെ നിലനിന്നിരുന്ന ഇരുണ്ടകാലം മാറി സാമ്പത്തികമേഖലയില്‍ അപ്പാടെ പുതുവെളിച്ചം നിറഞ്ഞിരിക്കുകയാണ്. നിഷ്‌ക്രിയാസ്തികളാല്‍ ശ്വാസംമുട്ടിയിരുന്ന സാമ്പത്തികമേഖലയ്ക്ക് നവജീവന്‍ പകര്‍ന്ന് നോട്ട് നിരോധനവും ജിഎസ്ടിയും യാഥാര്‍ത്ഥ്യമായി. ഇത്തരം ചുവടുവയ്പുകള്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അതെല്ലാം താല്‍ക്കാലികങ്ങളാണ്. ഇതുസംബന്ധിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള എന്റെ വിലയിരുത്തല്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് സുസ്ഥിരവും ഗുണപരവുമായ ഒട്ടേറെ മാറ്റങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൊണ്ടുവരും എന്നത് സുനിശ്ചിതമാണ്. നികുതി ലഭ്യതയിലെ ഇടിവുകാരണം മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടിയ തോതില്‍ പണം കടമെടുക്കേണ്ട ഒരു അവസ്ഥ സര്‍ക്കാരിന് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ വേണം നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രാധാന്യം കണക്കാക്കേണ്ടത്. രണ്ടര ട്രില്യണ്‍ ഡോളറിന്റെ, നമ്മുടെ സാമ്പത്തിക രംഗത്തിന് ഒട്ടും യോജിക്കാത്ത ഇടിവ് നികുതി ലഭ്യതയില്‍ ഉണ്ടായ പശ്ചാത്തലത്തില്‍, ഈ രണ്ടു പരിഷ്‌കാരങ്ങളും വലിയ പരിവര്‍ത്തനത്തിന്റെ പ്രാരംഭങ്ങളാണ്. നികുതി സംവിധാനം കാര്യക്ഷമവും വ്യാപകവുമാവുന്നതോടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായത്ര വകമാറ്റാന്‍ സര്‍ക്കാരിന് കഴിയും. ഇന്ത്യയുടെ പരിവര്‍ത്തനം എന്ന ദൗത്യത്തിലെ സുപ്രധാന കണ്ണികളാണല്ലോ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും അടിസ്ഥാനസൗകര്യ വികസനവും. 

കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട മറ്റ് നിരവധി കാര്യങ്ങളുണ്ടെങ്കിലും സാമ്പത്തിക-തൊഴില്‍ മേഖലകള്‍ക്ക് ഊര്‍ജ്ജം പകരുന്ന കൃഷി, ഇടത്തരം-ചെറുകിട സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് മാത്രമാണ് ഞാനിവിടെ പരാമര്‍ശിക്കുന്നത്. രാജ്യത്ത് സംരംഭകത്വവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് ഇപ്പറഞ്ഞ രണ്ട് മേഖലകള്‍ക്കുള്ളത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള, ദിശാബോധമില്ലാത്ത നയങ്ങളാണ് ഈ രണ്ടു മേഖലകളെയും പ്രശ്‌നകലുഷിതമാക്കി തളര്‍ത്തിക്കളഞ്ഞത്. ഇതിനു പരിഹാരമായി ഒരു വലിയ നയവ്യതിയാനത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. 

കൃഷി

സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കൃഷിയും കര്‍ഷകനും പലപ്പോഴും വാര്‍ത്തയാവുന്നത് കൊടിയ സാമ്പത്തിക തകര്‍ച്ചകൊണ്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതിന്റെ പേരിലല്ലേ? യാതൊരു പരിഗണനയുമില്ലാത്ത നയങ്ങള്‍ രൂപീകരിച്ചതിന്റെ ഫലമായി പതിറ്റാണ്ടുകളായി കര്‍ഷകസമൂഹം ഇങ്ങനെ വേദന ഏറ്റുവാങ്ങേണ്ടി വരുന്നത് ഇന്ത്യ പോലൊരു രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയും കാര്‍ഷിക രംഗവും സമൂലമായി ഉടച്ചുവാര്‍ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സര്‍ക്കാരാണ് ഇപ്പോഴുള്ളത്. അഭികാമ്യമായ ജീവിതോപാധിയായി കൃഷിയെ മാറ്റിയെടുക്കാനും 2022-ഓടു കൂടി കര്‍ഷകരുടെ വരുമാനം രണ്ടിരട്ടി ആക്കിക്കൊണ്ട് കര്‍ഷകശാക്തീകരണം സാക്ഷാത്കരിക്കാനും പ്രതിജ്ഞാബദ്ധനായ പ്രധാനമന്ത്രി നമുക്കുണ്ട്. ഇലക്‌ട്രോണിക് നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് (ഇ-നാം), പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന, മണ്ണിന്റെ ചൈതന്യം നിലനിര്‍ത്താന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, യൂറിയ വളത്തിന്റെ ദുരുപയോഗം തടഞ്ഞുകൊണ്ട് കര്‍ഷകര്‍ക്ക് ലഭ്യത ഉറപ്പാക്കാനും കീടങ്ങളെ ചെറുക്കാനുമായി വേപ്പെണ്ണ ചേര്‍ക്കുന്ന സംവിധാനം, കാര്‍ഷിക സൗഹൃദ വിള ഇന്‍ഷുറന്‍സ് (പിഎംഎഫ്ബിവൈ) തുടങ്ങിയ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളിലൂടെ 2022ഓടു കൂടി കര്‍ഷക വരുമാനം ഇരട്ടിയാക്കും.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് വിപണിയില്‍ നിന്ന് അര്‍ഹമായ മൂല്യം കരസ്ഥമാക്കാന്‍ കഴിയുന്ന നല്ലനാളിലേക്കുള്ള പരിവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പരിവര്‍ത്തനകാലത്ത് കര്‍ഷകര്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്. ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില എന്ന ബജറ്റ് പ്രഖ്യാപനം കര്‍ഷകര്‍ക്ക് അത്തരത്തില്‍ ലഭിച്ച പരിവര്‍ത്തനകാല സഹായമാണ്. തീര്‍ച്ചയായും കര്‍ഷകര്‍ക്ക് വലിയൊരു ഇടക്കാലാശ്വാസം ആണിത്. കാര്‍ഷിക വിപണിക്ക് 200 കോടിയും ഭക്ഷ്യസംസ്‌കരണ വ്യവസായത്തിന് 1,400 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വര്‍ഷം മുഴുവനുമുള്ള ഉത്പാദനം ഉറപ്പാക്കുന്ന 'ഓപ്പറേഷന്‍ ഗ്രീന്‍' പദ്ധതി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണഫലങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കുകൂടി ബാധകമാക്കിയത് തുടങ്ങിയ നടപടികള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും ഉപഭോക്താക്കള്‍ക്കും വളരെയേറെ ഗുണം ചെയ്യും. 

ഇടത്തരം-ചെറുകിട സംരംഭങ്ങള്‍

മനുഷ്യപ്രയത്‌നം താരതമ്യേന കൂടുതല്‍ വേണ്ടിവരുന്ന ഇടത്തരം-ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് സ്വാഭാവികമായും കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയും. ഭാരതീയ സാമ്പത്തിക മാതൃകയില്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് ഈ രംഗത്തിനുള്ളത്. രാജ്യത്തെ മൊത്തം ഉത്പാദനച്ചെലവിന്റെ 32 ശതമാനത്തോളം ഈ മേഖലയില്‍ ആയതിനാല്‍ ഗ്രാമീണ-പിന്നാക്ക മേഖലകളുടെ വ്യവസായവത്ക്കരണത്തിലും തൊഴില്‍ ലഭ്യതയിലും ഇത്തരം സംരംഭങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. എഴുപത്തി മൂന്നാമത് ദേശീയ സാംപിള്‍ സര്‍വ്വേ (2013-15) പ്രകാരം 633.8 ലക്ഷം വ്യവസ്ഥാപിതമല്ലാത്ത കാര്‍ഷികേതര ഇടത്തരം-ചെറുകിട സംരംഭങ്ങളാണ് രാജ്യത്തുള്ളത്. മൊത്തം 11.10 കോടി തൊഴിലവസരങ്ങളാണ് ഇവയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 

ഇന്നിപ്പോള്‍ രാജ്യത്തുള്ള നിഷ്‌ക്രിയാസ്തികളില്‍ 17.4 ശതമാനവും ഇടത്തരം-ചെറുകിട സംരംഭങ്ങളാണ്. ഇത്തരം സംരഭങ്ങള്‍ക്ക് ഒറ്റത്തവണ പുനഃസംഘടനാ സൗകര്യം നല്‍കണമെന്നും, പരിവര്‍ത്തന കാലത്ത് അധിക സഹായം അനുവദിക്കണമെന്നും സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  എന്തായാലും ഇടത്തരം-ചെറുകിട സംരംഭങ്ങളുടെ നിഷ്‌ക്രിയാസ്തികള്‍ക്കുള്ള ആശ്വാസ പദ്ധതി ഇത്തവണത്തെ ബജറ്റില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് തികച്ചും സന്തോഷകരമാണ്. പരിവര്‍ത്തനകാല സഹായമെന്ന നിലയ്ക്ക് 3,794 കോടി രൂപ വായ്പയായി ഈ വിഭാഗത്തിന് വിതരണം ചെയ്യാന്‍ ബജറ്റ് മാറ്റിവച്ചിരിക്കുന്നു.  ഇടത്തരം-ചെറുകിട സംരംഭങ്ങളുടെ വരുമാന നികുതി 25 ശതമാനം കുറച്ചതും വരുമാനപരിധി 250 കോടി രൂപയാക്കിയതും സ്വാഗതാര്‍ഹമാണ്. കശുവണ്ടി മേഖലയെ സംബന്ധിച്ച് ഞാന്‍ നല്‍കിയ അഭ്യര്‍ത്ഥന അനുഭാവപൂര്‍വ്വം പരിഗണിച്ച ധനമന്ത്രി കശുവണ്ടിയുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനത്തില്‍ നിന്ന് 2.5 ശതമാനമാക്കിയതോടെ കശുവണ്ടി മേഖലയ്ക്കും ആശ്വാസം ലഭിക്കുകയാണ്. 

അനൗപചാരിക മേഖല

കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര പദ്ധതിയും, നോട്ട് നിരോധനവും അനൗപചാരിക മേഖലയെ ഔപചാരികമാക്കി മാറ്റുന്നതിലേക്ക് ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കടബാധ്യതയില്‍പ്പെട്ടവരില്‍ 76 ശതമാനവും വനിതാ സംരംഭകരാണ് എന്നതും 50 ശതമാനത്തോളം പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്കാരാണ് എന്നതും ശ്രദ്ധേയമാണ്. ഈ വിഭാഗക്കാരെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൈപിടിച്ച് നയിച്ച് വികസനത്തിന്റെ തുല്യ പങ്ക് അവര്‍ക്ക് ലഭ്യമാക്കുന്ന ശ്ലാഘനീയമായ നടപടിയാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഔപചാരികമേഖലയുടെ ഗുണഫലങ്ങള്‍ അനൗപചാരിക മേഖലയ്ക്കുകൂടി ലഭിക്കുന്നതിനുവേണ്ടിയും ബജറ്റില്‍ ഔചിത്യപൂര്‍ണ്ണമായ പ്രഖ്യാപനങ്ങളുണ്ട്. ഇതിലേക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ തുകയായ മൂന്ന് ലക്ഷം കോടി രൂപ മുദ്ര പദ്ധതി പ്രകാരം അനുവദിച്ചിരിക്കുകയാണ്. 

തീര്‍ച്ചയായും നിഷ്‌ക്രിയാസ്തികളുടെ പ്രശ്‌നം ഇപ്പോഴും നമ്മുടെ സമ്പദ്‌രംഗത്തെ വിട്ടുപോയിട്ടില്ല. ഇക്കാര്യത്തില്‍ ഞങ്ങളുടെ ആവശ്യം 2014 ല്‍ തന്നെ പരിഗണിച്ച ഇപ്പോഴത്തെ സര്‍ക്കാരിന്റെ നടപടി ഉചിതമായി. ബാങ്കുകളുടെ പുനഃസംഘടയ്ക്ക് തുടക്കം കുറിച്ചതിലൂടെ നിഷ്‌ക്രിയാസ്തി പ്രശ്‌നത്തിന് പരിഹാരമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ഇവിടെ പ്രതിപാദിച്ച മൂന്ന് പ്രധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും, സര്‍ക്കാര്‍ നടപ്പാക്കുന്ന പരിവര്‍ത്തന പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതിനും ഇത്തവണത്തെ ബജറ്റ് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. അതിവേഗത്തില്‍ വളരുന്ന, കാര്യക്ഷമവും സംശുദ്ധവും മല്‍സരക്ഷമവുമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനായി 2014ല്‍ തുടങ്ങിയ ദൗത്യം അഭംഗുരം പുരോഗമിക്കുകയാണ്. ഗ്രാമീണര്‍ക്കും ദരിദ്രര്‍ക്കും അര്‍ഹമായ ശ്രദ്ധയും പരിഗണനയും ഇന്ന് ലഭിക്കുന്നത് കുറെ പണം വകയിരുത്തിയതുകൊണ്ടു മാത്രമല്ല,  പദ്ധതികള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കുന്നത് കൊണ്ടുകൂടിയാണ്. ഇത്തരത്തില്‍ കാമ്പുള്ള പരിഷ്‌കാരങ്ങള്‍ ഇനിയുമേറെ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ട് ഭാസുരഭാവി ഉറപ്പാക്കാം.

(രാജ്യസഭാംഗമാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.