നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപ്പിടുത്തം : കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ച ഗോഡൗണ്‍ കത്തിനശിച്ചു

Monday 5 February 2018 9:35 pm IST

 

തലശ്ശേരി: പുതിയ ബസ് സ്റ്റാന്റിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയില്‍ തീപ്പിടുത്തം യാത്രക്കാരെയും പരിസരവാസികളെയും പരിഭ്രാന്തരാക്കി. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. 

കോംപ്ലക്‌സിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ടോയ്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെയാണ് തീപ്പിടിച്ചതായി പരിസരത്തുള്ളവര്‍ തിരിച്ചറിഞ്ഞത്. നിരവധി സ്വകാര്യസ്ഥാപനങ്ങളും കുടുംബശ്രീയുടേയും അഭിഭാഷകരുടേയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കവേയാണ് ഇടക്കിടെ പൊട്ടിത്തെറിയോടെ തീയാളിയത്. നിമിഷങ്ങള്‍ക്കകം പരിസരമാകെ വിഷപ്പുക മൂടിയതിനാല്‍ ആര്‍ക്കും അവരവരുടെ സ്ഥാപനത്തിലെത്താനായില്ല. വിവരമറിഞ്ഞ് പഴയ ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് വെള്ളം ചീറ്റി. ഏറെനേരം രക്ഷ പ്രവര്‍ത്തനം നടത്തിയിട്ടും തീയും പുകയും നിയന്ത്രിക്കാനാവാത്തതിനെ

തുടര്‍ന്ന് കൂത്തുപറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നുമായി രണ്ട് യൂണിറ്റുകളെ കൂടി തലശ്ശേരിയിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് മൂന്നു മണിക്കൂറുകള്‍ക്കു ശേഷം തീയണക്കാനായത്. ഗുരുവായൂര്‍ പെരുമ്പിലാവ് സ്വദേശി സജിവന്റേതാണ് തീപിടുത്തമുണ്ടായ ഗോഡൗണ്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.