കോടിയേരിയുടെ മകനെതിരായ ആരോപണത്തില്‍ അന്വേഷണം വേണം: എം.എം.ഹസന്‍

Monday 5 February 2018 9:37 pm IST

 

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സെക്രട്ടറിയുടെ മകന്റെ തട്ടിപ്പിന്റെ കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിമുഖത കാണിക്കുന്നത് തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. ഇതു സംബന്ധിച്ച് വാര്‍ത്ത കൊടുക്കരുതെന്ന വിധി സമ്പാദിച്ചത് എംഎല്‍എയുടെ മകന്‍ കൂടി ഉള്‍പ്പെട്ടുകൊണ്ടാണ്. നേരത്തെ കീഴ്‌ക്കോടതി ഇത്തരത്തില്‍ ഉത്തരവിറക്കിയപ്പോള്‍ മുംബൈ ഹൈക്കോടതി വിലക്കിനെ തള്ളിക്കൊണ്ട് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം കോടതി വിധികള്‍ മാര്‍ഗ്ഗദര്‍ശകമായി ഉണ്ട് എന്നിരിക്കെ വീണ്ടും വിധിയുണ്ടായത് നിയമപരമാണോയെന്ന് പരിശോധിക്കണമെന്ന് ഹസ്സന്‍ പറഞ്ഞു. 

പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഗള്‍ഫില്‍ യാത്രാവിലക്കുണ്ടെന്നാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്. തീര്‍ച്ചയായും അന്വേഷണം നടത്തേണ്ട കാര്യമാണ് ആരോപണമെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി അതിനു തയ്യാറാകണം. കേരള രാഷ്ട്രീയത്തില്‍ മര്‍സൂഖി പൊട്ടിക്കാന്‍ പോകുന്ന ബോംബ് വളരെ വലുതാണെന്നാണ് വാര്‍ത്താസമ്മേളനം തടയാനുള്ള നീക്കത്തെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.