ഗണിതവിജയം ജില്ലാതല പരിശീലനം ആരംഭിച്ചു

Monday 5 February 2018 9:39 pm IST

 

കണ്ണാടിപ്പറമ്പ്: ഗണിതപഠനം കുട്ടികള്‍ക്ക് മധുരതരമായി മാറുന്നു. ഭീതിയോടെ അകറ്റിനിര്‍ത്തിയിരുന്ന ഗണിതത്തെ കളിച്ചും തൊട്ടറിഞ്ഞും കൂട്ടിയും കുറച്ചും തങ്ങളോടൊപ്പം നിര്‍ത്തുകയാണ് പുലീപ്പി ഹിന്ദു എല്‍പി സ്‌കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ നാല് ക്ലാസ്സുമുറികളിലാണ് ഗണിത ലാബ് ഒരുക്കിയിരിക്കുന്നത്. 

ഗണിതപഠനത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയും ഗണിതത്തോട് താല്‍പര്യമുണര്‍ത്തുകയും ചെയ്യുന്നതിനായി വൈവിധ്യമാര്‍ന്ന പഠനോപകരണങ്ങളാണ് ലാബിലുള്ളത്. അമൂര്‍ത്തമായ ഗണിതാശയങ്ങള്‍ പഠനോപകരണങ്ങളുടെ സഹായത്താല്‍ കുട്ടികളിലെത്തിക്കുന്നതിനും ഗണിതപഠനത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും പുരോഗതി കൈവരിക്കാനുമാണ് ഗണിത വിജയത്തിലൂടെ അവസരമൊരുക്കുന്നത്. രക്ഷിതാക്കളുടെ കൂടി സഹായത്താലാണ് ഗണിതലാബ് ഈ വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. 

ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനത്തിനാണ് സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഗണിത വിജയം പഠന പരിപോഷണ പരിപാടിയിലൂടെ ബിആര്‍സി കേന്ദ്രീകരിച്ചു തുടക്കം കുറിക്കുന്നത്. ജില്ലാതല 'ഗണിത വിജയം' അധ്യാപക പരിശീലനം കണ്ണൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ:പി.വി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ബിപിഒ പാര്‍ത്ഥസാരഥി, പ്രഥമാധ്യാപിക ജി.കെ.രമ, പി.സി.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന് കെ.എം.സരസ്വതി, സി.ഒ.വിനീഷ് എന്നിവര്‍ നേതൃത്വം കൊടുത്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.