പ്ലാസ്റ്റിക് ക്യാരി ബാഗ് പൂര്‍ണ്ണമായി വിലക്കാന്‍ കഴിയില്ല

Tuesday 6 February 2018 2:50 am IST

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണ്ണമായി നിരോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ നിലപാട്  ഹൈക്കോടതി തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ ചട്ടമനുസരിച്ച്  2016 ല്‍ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇതു ശിക്ഷാര്‍ഹമാക്കി. തുണി, പേപ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് ബാഗുണ്ടാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

  പ്ലാസ്റ്റിക് നിരോധനത്തിനു പകരം പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൈകാര്യം ചെയ്യല്‍ മെച്ചപ്പെടുത്തണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് സംസ്ഥാന സര്‍ക്കാരിന് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാനാവില്ല. കേന്ദ്ര ചട്ടത്തിനു വിരുദ്ധമായി ചട്ടം കൊണ്ടു വരാന്‍ സംസ്ഥാനത്തിന് കഴിയില്ല. സമ്പൂര്‍ണ്ണ നിരോധനം പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുമില്ല.  ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗിന് ബദലായി ഒരുല്പന്നം കണ്ടെത്താന്‍ സമയം വേണം-സര്‍ക്കാര്‍ വ്യക്തമാക്കി. 

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിയാവശ്യപ്പെട്ട് ആള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രാഫ എസ് സീതാരാമനടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ അഡി. സെക്രട്ടറി വി. വല്‍സയാണ് ഇതു വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.