ജനങ്ങള്‍ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു: ആര്‍എസ്‌എസ്‌

Saturday 3 November 2012 12:27 pm IST

ചെന്നൈ: രാജ്യത്തെ ജനങ്ങള്‍ മികച്ച രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന്‌ ആര്‍എസ്‌എസ്‌ സഹസര്‍കാര്യവാഹക്‌ ദത്താത്രേയ ഹൊസബാളെ. രാജ്യത്തെ രാഷ്ട്രീയസാഹചര്യം വിവിധസ്ഥലങ്ങളില്‍ വ്യത്യസ്തമാണ്‌. അത്‌ പ്രവചനാതീതവുമാണ്‌. പക്ഷേ പൊതുവില്‍ രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുകയാണ്‌, ഹൊസബാളെ പറഞ്ഞു. ഇന്നലെ ആരംഭിച്ച ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരിണി മണ്ഡലിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാടുമായി ബന്ധപ്പെട്ട മുല്ലപ്പെരിയാര്‍, കാവേരി, ശ്രീലങ്ക വിഷയങ്ങളില്‍ ആര്‍എസ്‌എസ്‌ വളരെ മുമ്പു തന്നെ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. ശ്രീലങ്കന്‍ പ്രശ്നത്തില്‍ അല്‍പകാലം മുമ്പാണ്‌ പ്രമേയം പാസ്സാക്കിയത്‌. ആര്‍എസ്‌എസ്‌ ഈ വിഷയങ്ങളെ തമിഴ്‌നാടിന്റെ മാത്രം വിഷയമായല്ല കാണുന്നത്‌. മറിച്ച്‌ ദേശീയ വിഷയങ്ങളായാണെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക മേഖലയില്‍ ഏറെ സാമ്യങ്ങളുണ്ടെങ്കിലും പാകിസ്ഥാനും ബംഗ്ലാദേശും രാഷ്ട്രീയപരമായി വേറെ രാഷ്ട്രങ്ങളാണ്‌. ജനങ്ങളാകട്ടെ വ്യത്യസ്ത പൗരന്മാരും. ഈ അടിസ്ഥാനത്തില്‍ അനധികൃതമായി നമ്മുടെ രാജ്യത്തു പ്രവേശിക്കുന്നവരെ നുഴഞ്ഞുകയറ്റക്കാരായി മാത്രമെ കാണാനാകൂ. ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഇച്ഛാശക്തി കൊണ്ടു മാത്രമെ ഇതവസാനിപ്പിക്കാന്‍ സാധിക്കൂ. എന്നാല്‍ ഏതു രാജ്യത്തു നിന്നുമാകട്ടെ ഇവിടെയെത്തുന്ന ഹിന്ദുക്കളെ അഭയാര്‍ഥികളായി കരുതണം. ഇത്‌ 1947ലെ ഭരണഘടന പോലും അംഗീകരിച്ചിട്ടുള്ളതാണ്‌. ഹിന്ദുക്കള്‍ക്ക്‌ അവകാശപ്പെട്ട ഏകരാജ്യം ഭാരതമാണ്‌. ഇവിടേക്ക്‌ ഇന്ന്‌ ഹിന്ദുക്കള്‍ കടന്നുവരുന്നത്‌ അപമാനകരവും മനുഷ്യത്വഹീനവുമായ പ്രവൃത്തികള്‍ കാരണമാണ്‌, ഹൊസബാളെ ചൂണ്ടിക്കാട്ടി.
സാംസ്കാരികമായി ഭാരതീയരും പാകിസ്ഥാനികളും ബംഗ്ലാദേശികളും ഒന്നാണെന്ന്‌ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. എന്നാല്‍ പാകിസ്ഥാനും ബംഗ്ലാദേശും സ്വയം മതാധിഷ്ഠിതരാഷ്ട്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. നമ്മളാകട്ടെ മതേതരരാഷ്ട്രസങ്കല്‍പത്തില്‍ അടിയുറച്ചു നിന്നു. ആ രണ്ടു രാജ്യങ്ങളിലും ഹിന്ദുക്കള്‍ക്ക്‌ അവകാശാധികാരങ്ങളില്ല. അവര്‍ക്ക്‌ അവിടെ സമത്വം പോലും നിഷേധിക്കപ്പെടുന്നു. എന്നാല്‍ ബംഗ്ലാദേശികള്‍ ഇവിടേക്ക്‌ വരുന്നത്‌ അപമാനിതരായിട്ടല്ല. മുഴുവന്‍ ലോകത്തെയും കുടുംബമായാണ്‌ ആര്‍എസ്‌എസ്‌ കാണുന്നത്‌. എന്നാല്‍ ചൈനയുടെ ആക്രമണത്തെ സഹോദരന്റെ ആക്രമണമായി കണ്ടാല്‍ മതിയോ എന്നും അദ്ദേഹം ആരാഞ്ഞു.
കേജ്‌രിവാള്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരം പറയേണ്ടത്‌ ആ പാര്‍ട്ടികള്‍ തന്നെയാണ്‌. അഴിമതിയാരോപണങ്ങള്‍ നേരിടുന്ന എല്ലാവരും അന്വേഷണത്തെ നേരിട്ട്‌ നിരപരാധിത്വം തെളിയിക്കണമെന്നാന്ന്‌ ആര്‍എസ്‌എസിന്റെ നിലപാട്‌. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വയംസേവകനാണ്‌. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തേക്കും. എന്നാല്‍ ബിജെപിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ തന്നെയാകും തീരുമാനമെടുക്കുക. ആര്‍എസ്‌എസ്‌ അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹൊസബാളെ വിശദീകരിച്ചു.
ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്തിന്‌ ഗഡ്കരിയില്‍ മാത്രം ഒതുക്കണം. ആര്‍എസ്‌എസിന്‌ ഇക്കാര്യത്തില്‍ ആരോടും മൃദുസമീപനമില്ല. ഒരു വിഷയത്തില്‍ വിവിധ അളവുകോലുകള്‍ വച്ചിട്ടുമില്ല. സാമൂഹ്യസദാചാരവും ദേശീയ ഐക്യവുമാണ്‌ പ്രധാനമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. യെദ്യൂരപ്പയ്ക്കെതിരെ ലോകായുക്തവിധി ഉണ്ടായതിനാലാണ്‌ അദ്ദേഹം രാജിവച്ചത്‌. എന്നാല്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ മാത്രമാണ്‌ ഉയര്‍ന്നത്‌. അന്വേഷണം നടത്തി കുറ്റം തെളിയിച്ചിട്ടില്ല. ഇരുവരെയും സാമ്യപ്പെടുത്തിയുള്ള ചോദ്യത്തിന്‌ ഉത്തരമായി അദ്ദേഹം പറഞ്ഞു.
ചെന്നൈക്കു സമീപം കേളമ്പാക്കത്തെ ശിവശങ്കര്‍ ബാബാ ആശ്രമത്തിലാണ്‌ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യോഗം. ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ യോഗം ഉദ്ഘാടനം ചെയ്തു. സര്‍കാര്യവാഹക്‌ സുരേഷ്‌ ഭയ്യാജി ജോഷിയും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച്‌ 2012 നു ശേഷം മരണമടഞ്ഞ ദേശീയനേതാക്കള്‍ക്കും മറ്റുന്നത വ്യക്തിത്വങ്ങള്‍ക്കും യോഗം ആദരാഞ്ജലിയര്‍പ്പിച്ചു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവയ്ക്കെതിരായ പ്രമേയം വരുംദിനങ്ങളില്‍ പാസ്സാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആര്‍എസ്‌എസ്‌ മുന്‍ സര്‍സംഘചാലക്‌ കെ.എസ്‌.സുദര്‍ശനന്‍ അന്തരിച്ച ശേഷമുള്ള യോഗമാണിത്‌.
നവംബര്‍ 4ന്‌ ഞായറാഴ്ച സമാപിക്കുന്ന യോഗത്തില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം കൊടുക്കുകയും ദേശീയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക്‌ അംഗീകാരം നല്‍കുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.