സിപിഎം അക്രമത്തിന് താക്കീതായി സമരജ്ജ്വാല

Tuesday 6 February 2018 2:50 am IST

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ണ് ഇപ്പോള്‍ മുഖ്യമന്ത്രി കസേരയിലാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. സിപിഎം അക്രമത്തിനും പോലീസ് ഭീകരതക്കുമെതിരെ ബിജെപി തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച സമരജ്ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

   മുഖ്യമന്ത്രി വിളിച്ച സമാധാന യോഗത്തിലെ തീരുമാനങ്ങളുടെ മഷി ഉണങ്ങുന്നതിന് മുമ്പേയാണ് സിപിഎം അണികള്‍ കണ്ണൂരിലടക്കം അക്രമം ആരംഭിക്കുന്നത്. ഇതിന് പിന്നില്‍ സിപിഎമ്മിനുള്ളില്‍ നടക്കുന്ന ചില അന്തര്‍നാടകങ്ങളാണ്. സമാധാനം ആഗ്രഹിക്കാത്തവര്‍ സിപിഎമ്മിലുണ്ട്. ഇതിന് പിന്തുണയായി കാക്കിക്കുള്ളില്‍ കയറിയ ചില ചുവപ്പന്‍ ഗുണ്ടകളുമുണ്ട്. പോലീസിലെ ഒരു വിഭാഗം മാത്രമാണവര്‍. നീതി നിഷേധിക്കുന്ന ഇവരുടെ ഭാവി ഇരുള്‍ അടഞ്ഞതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷനായി. ജില്ലയിലെ 7 മണ്ഡലം കമ്മറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ വിവിധ സമയങ്ങളില്‍ പ്രകടനമായെത്തിയാണ് സമരജ്ജ്വാലയില്‍ അണിചേര്‍ന്നത്. 

രാവിലെ 9 മണിക്ക് തുടങ്ങിയ സമര പരിപാടി വൈകിട്ട് 7ന് സമാപിച്ചു. സമാപന സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

   സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ. എന്‍. രാധാകൃഷ്ണന്‍, എം. ടി രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. എം വേലായുധന്‍, ഡോ. പിപി വാവ, കെ.പി ശ്രീശന്‍, ബി. രാധാമണി, എന്‍.ശിവരാജന്‍, സംസ്ഥാന വക്താക്കളായ അഡ്വ. എസ്. ജയസൂര്യന്‍, ജെ. ആര്‍. പത്മകുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.