മലയാള ചലച്ചിത്ര ഗായകര്‍ക്ക് പുതിയ സംഘടന

Tuesday 6 February 2018 2:30 am IST

കൊച്ചി: മലയാള സിനിമയിലെ പിന്നണി ഗായകര്‍ക്കായി പുതിയ സംഘടന. സിംഗേഴ്സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നപേരില്‍ കൊച്ചി കേന്ദ്രീകരിച്ചാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. 

കെ.ജെ. യേശുദാസാണ്  ഉപദേശക സമിതി ചെയര്‍മാന്‍. പ്രസിഡന്റ് സുദീപ് കുമാറും സെക്രട്ടറി രവി ശങ്കറുമാണ്. വിജയ് യേശുദാസ്, രാജലക്ഷ്മി (വൈസ്പ്രസിഡന്റുമാര്‍), ദേവാനന്ദ്, സിത്താര (ജോയിന്റ് സെക്രട്ടറിമാര്‍), അനൂപ് ശങ്കര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍ എന്നിവരുള്‍പ്പെട്ട 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പി.ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, ചിത്ര, ഉണ്ണിമേനോന്‍, സുജാത തുടങ്ങിയവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. 

ചുരുങ്ങിയത് അഞ്ചു മലയാള സിനിമയില്‍ പാടിയിട്ടുള്ളവര്‍ക്കാണ്  അംഗത്വം നല്‍കുന്നത്. സംഘടനാ രൂപീകരണ യോഗത്തില്‍ 75 ഓളം ഗായകര്‍ പങ്കെടുത്തു. ഇവര്‍ക്കെല്ലാം അംഗത്വവും നല്‍കി. കെ.ജെ. യേശുദാസിനാണ് ആദ്യ അംഗത്വം നല്‍കിയത്. ഗായകരുടെ ക്ഷേമം പ്രഥമ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് നിലവില്‍ സിനിമ മേഖലയിലെ മറ്റ് തൊഴിലാളി യൂണിയനുകളുമായി അഫിലിയേഷനില്ലെന്നും അവശ്യമെങ്കില്‍ പിന്നീട് അതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് സുദീപ് കുമാര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.