ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

Tuesday 6 February 2018 2:50 am IST

ജോഹന്നസ്ബര്‍ഗ്: ഐസിസി വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 88 റണ്‍സിന് തകര്‍ത്താണ് മിതാലിയും കൂട്ടരും ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 43.2 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ജൂലന്‍ ഗോസ്വാമി, മൂന്നെണ്ണം പിഴുത ശിഖ പാണ്ഡെ, രണ്ടെണ്ണം സ്വന്തമാക്കിയ പൂനം യാദവ് എന്നിവരുടെ മികച്ച ബൗളിങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ 41 റണ്‍സെടുത്ത ഡെയ്ന്‍ വാന്‍ നിക്കര്‍ക്ക് ടോപ് സ്‌കോറര്‍. മരിസാനേ കാപ്പ് (23), ലോറ (21), സുനെ ലസ് (21) എന്നിവരും രണ്ടക്കം കടന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. 98 പന്തുകളില്‍ നിന്ന് 84 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ഥാനയാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. നായിക മിതാലി രാജ് 45 റണ്‍സും നേടി. എന്നാല്‍ മറ്റുള്ളവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്കായി അയബോങ്ഗയും മാരിസാനേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്മൃതി മന്ഥാനയാണ് കളിയിലെ താരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.