ബാഴ്‌സയ്ക്ക് സമനില അത്‌ലറ്റികോ ജയിച്ചു

Tuesday 6 February 2018 2:30 am IST

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ സമനിലകൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കി.

ആദ്യ ഇലവനില്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സലോണയെ എസ്പാനിയോളാണ് സ്വന്തം മൈതാനത്ത് പിടിച്ചുകെട്ടിയത്. സ്‌കോര്‍ 1-1. അല്‍കാസറിന് പകരക്കാരനായി 59-ാം മിനിറ്റിലാണ് മെസ്സി മൈതാനത്തെത്തിയത്. ഈ സീസണില്‍ ആദ്യമായാണ് മെസ്സി ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്നത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ബാഴ്‌സ 82-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെ ഹെഡ്ഡറിലൂടെ നേടിയ ഗോളിനാണ് സമനില നേടിയത്.

പന്തടക്കത്തില്‍ ഏറെ മുന്നിട്ടുനിന്നത് ബാഴ്‌സയായിരുന്നു. എന്നാല്‍ മെസ്സിയുടെ അഭാവം അവരുടെ മുന്നേറ്റത്തില്‍ നിഴലിച്ചുനിന്നു. ഒപ്പം എസ്പാനിയോള്‍ താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടുകയും ചെയ്തതോടെ ബാഴ്‌സ മുന്നേറ്റങ്ങളെല്ലാം പാതിവഴിയില്‍ അവസാനിക്കുകയും ചെയ്തു. 22-ാം മിനിറ്റിലാണ് ബാഴ്‌സക്ക് ആദ്യ സുവര്‍ണ്ണാവസരം ലഭിച്ചത്. ലൂക്കാസ് ഡിഗ്‌നെയുടെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് കുടീഞ്ഞോ പായിച്ച ബുള്ളറ്റ് ഷോട്ട് എസ്പാനിയോള്‍ ഗോളിയെ മറികടന്നെങ്കിലും പന്ത് ക്രോസ്ബാറിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ എസ്പാനിയോളിന്റെ ലിയോ ബാപ്റ്റിസ്‌റ്റോയുടെ ഷോട്ട് ബാഴ്‌സ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നും മികച്ച ചില മുന്നേറ്റങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും ആദ്യ പകുതിയില്‍ വല കുലുങ്ങിയില്ല.

രണ്ടാം പകുതിയിലും ബാഴ്‌സക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ 66-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായ എസ്പാനിയോള്‍ ബാഴ്‌സ വല കുലുക്കി. സെര്‍ജിയോ ഗാര്‍ഷ്യ നല്‍കിയ അളന്നുമുറിച്ച ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജെറാര്‍ഡ് മൊറീനോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ബാഴ്‌സലോണ 82-ാം മിനിറ്റില്‍ സമനില പിടിച്ചു. മെസ്സിയുടെ ക്രോസ് ജെറാര്‍ഡ് പിക്വെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ ഈ ലാ ലീഗ സീസണില്‍ ബാഴ്‌സ തോല്‍വിയറിയാത്ത 22 മത്സരങ്ങളും പൂര്‍ത്തിയാക്കി. ക്ലബ് ചരിത്രത്തില്‍ പുതിയൊരു റെക്കോര്‍ഡായി ഇത്. സമനിലയില്‍ കുടുങ്ങിയെങ്കിലും 22 കൡകളില്‍ നിന്ന് 58 പോയിന്റുമായി ബാഴ്‌സലോണ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.