ബ്ലാസ്‌റ്റേഴ്‌സ് പണികൊടുത്തു; സിഫ്‌നിയോസ് ഇന്ത്യ വിട്ടു

Tuesday 6 February 2018 2:50 am IST

പനാജി: ഐഎസ്എല്ലില്‍ കളിക്കാനെത്തി പകുതിക്ക് വച്ച് ടീം വിട്ട മാര്‍ക്ക് സിഫ്‌നിയോസിന് കേരള ബ്ലാസ്‌റ്റേഴ്‌സ് കൊടുത്തത് എട്ടിന്റെ പണി. പണികിട്ടിയ സിഫ്‌നിയോസ് രാജ്യം വിടുകയും ചെയ്തു.

ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് സിഫ്‌നിയോസ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനുള്ള എംപ്ലോയ്‌മെന്റ് വിസയില്‍ ഇന്ത്യയിലെത്തിയ താരം അതുപയോഗിച്ച്് എഫ്‌സി ഗോവയില്‍ കളിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് പരാതി കൊടുത്തത്. പരാതിയെ തുടര്‍ന്ന് സിഫ്‌നിയോസുമായും എഫ്‌സി ഗോവയുമായും ബന്ധപ്പെട്ട എഫ്ആര്‍ആര്‍ഒ, ഡീപ്പോര്‍ട്ടിങ്ങ് നടപടിക്ക് വഴങ്ങുകയോ രാജ്യം വിട്ടുപോകുകയോ വേണമെന്ന് സിഫ്‌നിയോസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ചത്തെ മത്സരത്തിന് തൊട്ടുമുന്‍പായി സിഫ്‌നിയോസ് ഹോളണ്ടിലേക്ക് പറന്നത്. ട്രാന്‍സ്ഫര്‍ വഴിയോ, ലോണ്‍ അടിസ്ഥാനത്തിലോ അല്ല സിഫ്‌നിയോസിന്റെ കൂടുമാറ്റമെന്നതിനാലാണ് താരം രാജ്യം വിട്ടതെന്ന് എഫ്‌സി ഗോവ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, പുതിയ വിസക്കായുള്ള സിഫ്‌നിയോസിന്റെ അപേക്ഷയില്‍ നടപടികള്‍ പുേരാഗമിക്കുകയാണെന്നും അടുത്ത മത്സരത്തിന് മുമ്പായി സിഫ്‌നിയോസ് ടീമിനൊപ്പം ചേരുമെന്നും ഗോവ ടീം അധികൃതര്‍ പറഞ്ഞു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹപരീശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീനാണ് ഡച്ച് കൗമാരതാരമായ സിഫ്‌നിയോസിനെ ടീമിലെത്തിച്ചത്. എന്നാല്‍ മ്യൂലന്‍സ്റ്റീന്‍ പകുതിവഴിയില്‍ ടീം വിടുകയും ഡേവിഡ് ജെയിംസിനെ പരിശീലകനാക്കുകയും ചെയ്തതോടെയാണ് സിഫ്‌നിയോസും ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ട സിഫ്‌നിയോസ് പിന്നീട് പൊങ്ങിയത് എഫ്‌സി ഗോവ ക്യാമ്പിലായിരുന്നു. ഐഎസ്എല്‍ മതിയാക്കി പോകുകയാണെന്ന ഉറപ്പിലാണ് ബ്ലാസ്‌റ്റേഴ്‌സ് സിഫ്‌നിയോസിനെ പോകാന്‍ അനുവദിച്ചത്. എന്നാല്‍ താരം നേരെ എഫ്—സി ഗോവയില്‍ ചേര്‍ന്നത് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെയും ആരാധകരെയും ഞെട്ടിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.