ലിവര്‍പൂളിന് സമനില

Tuesday 6 February 2018 2:35 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറാണ് ലിവര്‍പൂളിനെ 2-2ന് പിടിച്ചുകെട്ടിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഹാരി കെയ്‌നാണ് ടോട്ടനത്തിന് സമനില ഗോള്‍ നേടിക്കൊടുത്തത്. അതിന് മുന്‍പ് കെയ്ന്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ലിവര്‍പൂളിന് വേണ്ടി രണ്ട് ഗോളുകളും നേടിയത് മുഹമ്മദ് സലാഹാണ്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ടോട്ടനമായിരുന്നെങ്കിലും ലിവര്‍പൂള്‍ ഗോളിയുടെ മികച്ച പ്രകടനത്തിന് മുന്നില്‍ കെയ്ന്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. കളിയുടെ മൂന്നാം മിനിറ്റിലായിരുന്നു ലിവര്‍പൂളിനായി സലാഹ് ആദ്യഗോള്‍ നേടിയത്.  ബോക്‌സിലേക്ക് വന്ന പന്ത് ഇടംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. തുടര്‍ന്നും ഇരുടീമുകളും മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല. 

80-ാം മിനിറ്റിലാണ് ടോട്ടനം സമനില ഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് വിക്ടര്‍ വന്‍യാമ പായിച്ച വലംകാലന്‍ ഷോട്ടാണ് ലിവര്‍പൂള്‍ വലില്‍ കയറിയത്. നാല് മിനിറ്റിനുശേഷം ലിവര്‍പൂള്‍ പെനാല്‍റ്റി വഴങ്ങി. ഹാരി കെയ്‌നിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കെയ്ന്‍ എടുത്ത കിക്ക് ലിവര്‍പൂള്‍ ഗോളി തടുത്തിട്ടു. ഇതോടെ കളി സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ മുഹമ്മദ് സലാഹ് വീണ്ടും ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചു. ശക്തമായി തിരിച്ചടിച്ച ടോട്ടനത്തിന് വീണ്ടും പെനാല്‍റ്റി ലഭിച്ചു. പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ എറിക് ലമേലയെ ബോക്‌സിനുള്ളില്‍വച്ച് വിര്‍ജില്‍ വാന്‍ ഡിക്ക് വീഴ്ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുക്കാനെത്തിയത് ഹാരി കെയ്ന്‍. നേരത്തെ ഒരു പെനാല്‍റ്റി പാഴാക്കിയ കെയ്‌നിന് ഇത്തവണ പിഴച്ചില്ല. കെയ്‌നിന്റെ വലംകാല്‍ കിക്ക് ലിവര്‍പൂള്‍ ഗോളിയെ കീഴടക്കി വലയില്‍ കയറി. സമനിലയില്‍ കുടുങ്ങിയെങ്കിലും 26 കളികളില്‍ നിന്ന് 51 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 49 പോയിന്റുമായി ടോട്ടനം അഞ്ചാമത്. 

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍പാലസും ന്യൂകാസില്‍ യുണൈറ്റഡും 1-1ന് സമനിലയില്‍ പിരിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.