വിമര്‍ശനത്തിലുറച്ച് ജേക്കബ് തോമസ്

Tuesday 6 February 2018 2:50 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരസ്യ വിമര്‍ശനങ്ങളില്‍ മാറ്റമില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ താന്‍ പറഞ്ഞത് വസ്തുതകളാണെന്ന് സര്‍ക്കാരിന്റെ ചാര്‍ജ് മെമ്മോയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. നിയമവാഴ്ച സംബന്ധിച്ച തന്റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെതിരെയല്ലെന്ന് ചീഫ് സെക്രട്ടറി നല്‍കിയ ചാര്‍ജ് മെമ്മോയ്ക്കുള്ള മറുപടിയില്‍ ജേക്കബ് തോമസ് പറയുന്നു. അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന രാജ്യാന്തരപഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗിച്ചത്. ഓഖി ദുരന്തം സംബന്ധിച്ച് താന്‍ പ്രസംഗത്തില്‍ പറഞ്ഞത് വസ്തുതകളാണ്. മുന്നറിയിപ്പ് ലഭിച്ച തീയതിയടക്കം മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന് ഇനിയും അറിയില്ല. ഇത് സംസ്ഥാനസര്‍ക്കാരും സമ്മതിക്കുന്നതാണ്. 

ആ സമയത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രസംഗമെന്നും ജേക്കബ് തോമസിന്റെ മറുപടിയില്‍ പറയുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ 51 വെട്ടുവെട്ടിയില്ലെങ്കിലും നിശ്ശബ്ദമാക്കുമെന്നതടക്കമുള്ള മറ്റ് പരാമര്‍ശങ്ങള്‍ ചാര്‍ജ് മെമ്മോയില്‍ ഉന്നയിച്ചിരുന്നില്ല. അതിനാല്‍ മറുപടിയിലും ഇതിന് വിശദീകരണമില്ല. 

സസ്‌പെന്‍ഷനിലായതിനുശേഷവും ഫെയ്‌സ്ബുക്കിലൂടെ ജേക്കബ് തോമസ് വിമര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ പ്രസംഗം സര്‍ക്കാരിനെതിരായ ആസൂത്രിത കുറ്റകൃത്യമെന്നാരോപിക്കുന്ന ചാര്‍ജ് മെമ്മോ ചീഫ് സെക്രട്ടറി നല്‍കിയത്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്ആ പദവിയുടെ അന്തസ്സ് നശിപ്പിച്ചെന്ന്  ചീഫ് സെക്രട്ടറി പോള്‍ ആന്റണി തയാറാക്കിയ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. അഴിമതിക്കാരുമായി ഭരണാധികാരികള്‍ സന്ധി ചെയ്തെന്ന് മറ്റുദ്യോഗസ്ഥര്‍ക്കു മാതൃകയാകേണ്ട വ്യക്തി ആരോപണമുന്നയിച്ചതു ഗുരുതരകുറ്റമാണ്. നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റുദ്യോഗസ്ഥരും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടേക്കാം. പരസ്യപ്രസ്താവനകള്‍ ഭരണസംവിധാനത്തെ തകര്‍ക്കാനും ക്രമസമാധാനപാലനത്തിനു ഭംഗമുണ്ടാക്കാനും ഉദ്ദേശിച്ച് കരുതിക്കൂട്ടി നടത്തിയതാണ്. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ അഴിമതിക്കാരാണെന്നും അവരും സമൂഹത്തിലെ അഴിമതിക്കാരും തമ്മില്‍ ധാരണയിലാണെന്നും അധിക്ഷേപിക്കുകയും അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ നിശ്ശബ്ദരാക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ആലോചിച്ചുറപ്പിച്ചതുപോലെയും കരുതിക്കൂട്ടിയുമാണ്  പ്രവൃത്തികള്‍. ഭരണാധികാരികള്‍ ജനപ്രീതിയുള്ളവരല്ല, അവര്‍ക്കു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്നീ മട്ടിലുള്ള പരാമര്‍ശങ്ങള്‍ സദാചാരത്തിനും നീതിക്കും നിരക്കാത്തവയാണ, തുടങ്ങിയ ആരോപണങ്ങള്‍ നിരത്തിയായിരുന്നു ചാര്‍ജ് മെമ്മോ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.