വാര്‍ത്താ വിലക്ക് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാനുള്ള നീക്കം

Tuesday 6 February 2018 2:50 am IST

കൊല്ലം: ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന്റെ കേസിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കോടതി വിലക്കിനു പിന്നില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുറത്ത് വരാതിരിക്കാനുള്ള നീക്കങ്ങള്‍. 

10 കോടിരൂപ വാങ്ങിയ ശേഷം ചെക്ക് നല്‍കി കബളിപ്പിച്ചെന്ന് ആരോപിച്ച് ഇടപ്പോണ്‍ ഐരാണിക്കുടി അശ്വതി ഭവനില്‍ രാഹുല്‍ കൃഷ്ണയാണ് ചവറ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സമാനമായ കേസ് മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും നല്‍കിയിട്ടുണ്ട്. 

മാവേലിക്കര കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഒത്തുതീര്‍പ്പ് സന്നദ്ധത ഇരു കൂട്ടരുടെയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മാര്‍ച്ച് എട്ടിലേക്ക് കേസ് മാറ്റിവച്ചു. മാര്‍ച്ച് ആറുവരെയാണ് വാര്‍ത്ത നല്‍കുന്നത് വിലക്കിയിരിക്കുന്നത്. 

അടുത്ത അവധിക്ക് മുന്‍പ് പണം തിരികെ നല്‍കാമെന്ന് എന്‍. വിജയന്‍പിള്ളയും ശ്രീജിത്തും രാഹുല്‍ കൃഷ്ണയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിപിഎം ആലപ്പുഴ, കൊല്ലം ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നത് സിപിഎമ്മിന് ക്ഷീണം ചെയ്യുമെന്ന നേതാക്കളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് വാര്‍ത്താ വിലക്കിലേക്ക് നയിച്ചത്. 

വിദേശ വ്യവസായികളില്‍ ചിലര്‍ പണം നല്‍കാന്‍ സന്നദ്ധരാണ്. എന്നാല്‍ അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് പുറത്ത് വരുന്നത് വിവാദമാകും. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ വലിയ ചര്‍ച്ചകളിലേക്കും നയിക്കുമെന്ന് സിപിഎം നേതൃത്വം ഭയപ്പെടുന്നു. ഒരു മാസം മാധ്യമങ്ങളില്‍ നിന്ന് കേസ് മാറ്റി നിര്‍ത്തിയാല്‍ ചര്‍ച്ചകള്‍ വഴിമാറുമെന്നും വലിയ പ്രശ്‌നമില്ലാതെ കേസ് ഒത്തുതീര്‍പ്പാക്കാമെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.