ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Monday 5 February 2018 10:49 pm IST

 

കണ്ണൂര്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയതായ പരാതിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കീഴല്ലൂര്‍ പഞ്ചായത്തിലെ വളയാല്‍ സ്വദേശി ബൈജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയില്‍ വ്യാപകമാകുന്നതായ പരാതിക്കിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍തന്നെ ആരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരിക്കുന്നത്.  

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയതായ പരാതിയില്‍ ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ തലശ്ശേരിയിലാണ് ജോലി ചെയ്യുന്നത്. ഉദ്യോഗാര്‍ത്ഥികളോട് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി ശിവ വിക്രം ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. 

ചില രാഷ്ട്രീയപാര്‍ട്ടി ബന്ധമുള്ളവരും ജോലി റിക്രൂട്ട്‌മെന്റ് നടത്തുന്നവരും മറ്റുമായി നിരവധി പേര്‍ ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികളോട് പണം വാങ്ങിക്കുന്നതായി ആരോപണം ശക്തമാണ്. നിരവധി പേര്‍ ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പണം നല്‍കിയവര്‍ ജില്ലയിലുണ്ട്. പോലീസുകാരന്റെ നേതൃത്വത്തില്‍ത്തന്നെ നിരവധി പേരില്‍ നിന്നും പണം വാങ്ങിയതായറിയുന്നു.

വിമാനത്താവള കമ്പനിയായ കിയാല്‍ ജോലിനിയമനവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ ആളുകളില്‍ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. ഇതുകൂടാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമനം നടത്തിത്തരാമെന്ന് വ്യാമോഹിപ്പിച്ചും ചിലര്‍ പണം കൈപ്പറ്റിയിട്ടുണ്ട്. 

വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് 31 ഓളം വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളെ നിയമിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ കിയാലിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ചില ഉദ്യോഗസ്ഥരും തട്ടിപ്പ് സംഘങ്ങളും ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.