ബേബിക്ക് റേഷന്‍ കാര്‍ഡ് കിട്ടി; ഇനിയൊരു കൂടൊരുങ്ങണം

Tuesday 6 February 2018 2:53 am IST

കോഴിക്കോട്: താത്കാലിക റേഷന്‍കാര്‍ഡ് നെഞ്ചോട് ചേര്‍ക്കുമ്പോള്‍ സന്തോഷത്താല്‍ ബേബിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അപ്പുക്കുട്ടന് സന്തോഷം അടക്കാനായില്ല. മധുവിന്റെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി. 

ആറ് കുട്ടികളുള്ള ബേബിയുടെയും മഹേഷിന്റെയും കുടുംബത്തിന് റേഷന്‍കാര്‍ഡില്ലാത്തതിനാല്‍ ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ നിന്ന് പുറത്തായ വാര്‍ത്ത 'ജന്മഭൂമി'  നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ ഓഫീസ് ഇടപെട്ടു. 

കോഴിക്കോട് കടപ്പുറത്ത് കപ്പലണ്ടി കച്ചവടം നടത്തിയാണ് മഹേഷും ബേബിയും രണ്ട് പെണ്‍കുട്ടികളടക്കം ആറ് കുട്ടികളെ വളര്‍ത്തുന്നത്. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വീട് അനുവദിച്ചെങ്കിലും റേഷന്‍കാര്‍ഡ് ലഭിക്കാത്തതിനാല്‍ വീട് നല്‍കാനാകില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കിയപ്പോള്‍ വീടില്ലാത്തിനാല്‍ റേഷന്‍കാര്‍ഡ് നല്‍കാനാകില്ലെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും നിലപാടെടുത്തു. 

വാര്‍ത്ത പുറത്ത് വന്നതോടെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സപ്ലൈഓഫീസര്‍ കെ.മനോജ് കുമാര്‍ ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സലയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ബേബി താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ സദാനന്ദനെ കാര്യങ്ങള്‍ ധരിപ്പിച്ചു. സന്തോഷത്തോടെ സദാനന്ദന്‍ സമ്മതപത്രം നല്‍കി. അതോടെ 20298 നമ്പരായി ബേബിക്ക് ഇന്നലെ താത്കാലിക കാര്‍ഡ് അനുവദിച്ചു. കുടുംബത്തിന് ഇന്നുമുതല്‍ റേഷന്‍ ലഭിക്കും. 

ആറ് മാസത്തിനകം കാര്‍ഡ് സ്ഥിരപ്പെടുത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. ഇപ്പോള്‍ എപിഎല്‍ ലിസ്റ്റിലാണ് കാര്‍ഡ് അനുവദിച്ചത്. മുന്‍ഗണനാക്രമത്തില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കുന്ന മുറയ്ക്ക് ബേബിക്ക് ബിപിഎല്‍ കാര്‍ഡ് അനുവദിക്കുമെന്നും മനോജ്കുമാര്‍ പറഞ്ഞു. കളക്ടറുമായി ആലോചിച്ച് വീട് ലഭ്യമാക്കാനുള്ള നടപടിയെടുക്കുമെന്ന് പി. വത്സലയും അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.