ബോഫോഴ്‌സ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Tuesday 6 February 2018 10:06 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും മുള്‍മുനയില്‍ നിര്‍ത്തിയ ബൊഫോഴ്സ് കേസ്് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കുറ്റവിമുക്തരാക്കിയ 2005ലെ ദല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലാണ് കോടതി പരിഗണിക്കുക.

പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരെ കഴിഞ്ഞ ദിവസം സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം മറികടന്നായിരുന്നു സി.ബി.ഐ നടപടി. 12 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വീണ്ടും നിയമ പോരാട്ടത്തിന് സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പീരങ്കികള്‍ വാങ്ങുന്നതിന് സ്വിറ്റ്സര്‍ലന്‍ഡിലെ എ.ബി ബൊഫോഴ്സുമായി 1986 ലാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നത്. 1437 കോടിയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ കരാറിനായി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു എന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കിടയാക്കി.

സ്വിസ് റേഡിയോ സ്റ്റേഷനായിരുന്നു ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് 1990 ജനുവരി 22 ന് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 64 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു കണ്ടെത്തല്‍.

1989 ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിന് ഇടവരുത്തിയ കേസാണ് ബൊഫോഴ്സ് ആയുധ കച്ചവടം. സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങിയതിലെ അഴിമതിയാണ് ബൊഫോഴ്സ് കേസിലുടെ പുറത്തു വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.