മുത്തലാഖിനെതിരെ നടപടി ശക്തമാക്കാന്‍ മുസ്ലീംവ്യക്തി നിയമ ബോര്‍ഡ്

Tuesday 6 February 2018 11:56 am IST

മുംബൈ: മുത്തലാഖ് പ്രശ്നത്തില്‍ പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ത്ത അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മുത്തലാഖിനെതിരേ നടപടികള്‍ ശക്തമാക്കുന്നു. നിക്കാഹ് നടക്കുമ്പോള്‍ തന്നെ വരന്‍മാരെ കൊണ്ട് മുത്തലാഖ് വഴി ഭാര്യയെ വിവാഹം മോചനം ചെയ്യില്ലെന്ന് പ്രതിജ്ഞ ചൊല്ലിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. 

പ്രതിജ്ഞ വരന്‍ പിന്നീട് ലംഘിച്ചാല്‍ വധുവിന് കോടതിയെ സമീപിക്കാന്‍ സാധിക്കുമെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാനി പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന വ്യക്തി നിയമ ബോര്‍ഡ് വാര്‍ഷിക യോഗത്തില്‍ ഇതുസംബന്ധിച്ച്‌ നിലപാട് വിശദീകരിച്ച്‌ പ്രസ്താവന ഇറക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. തിയ നിക്കാഹ് രീതി വരുമ്പോള്‍ മുത്തലാഖ് പൂര്‍ണമായും ഇല്ലാതാകുമെന്നാണ് കരുതുന്നതെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം മൗലാനാ അത്താര്‍ അലി പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് കഴിഞ്ഞ മാസം ലോക്‍സഭ പാസാക്കിയിട്ടുണ്ട്. ഇതിനെതിരേ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാടെടുത്തിരുന്നു. മുസ്ലിങ്ങള്‍ക്കിടയില്‍ മുത്തലാഖിനെതിരേ പൊതുവികാരം വളര്‍ത്തുകയാണ് പരിഹാരമെന്നും നിയമം മൂലം കുറ്റകരമാക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്. . കോടതിക്ക് പുറത്ത് വിഷയം പരിഹരിക്കണമെന്നാണ് ബോര്‍ഡിന്റെ നിലപാട്. 

നിക്കാഹ് നടക്കുന്ന വേളയില്‍ തന്നെ വധുവിന്റെ ഭാവി സുരക്ഷാ കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി വരന്‍ പ്രതിജ്ഞ ചൊല്ലണമെന്ന നിര്‍ദേശമാണ് ബോര്‍ഡംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. ബോര്‍ഡിന്റെ പുതിയ തീരുമാനം സ്വാഗതം ചെയ്ത് അഖിലേന്ത്യാ മജ്‌ലിസെ മുശാവറ രംഗത്തെത്തി. ഉചിതമായ തീരുമാനമാണ് ബോര്‍ഡ് എടുത്തിരിക്കുന്നതെന്ന് മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ നവേദ് ഹമീദ് പറഞ്ഞു. 40 ലധികം മുസ്ലിം സംഘടനകളുടെ കൂട്ടായ്മയാണ് മജ്‌ലിസെ മുശാവറ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.