കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാസംഘം കേരളത്തില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

Tuesday 6 February 2018 12:15 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി അറിവില്ലെന്ന്​മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഭയാനക അവസ്ഥ സംസ്ഥാനത്തില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

2017-ല്‍ സംസ്ഥാനത്ത് 1774 കുട്ടികളെ കാണാതായിരുന്നു​. ഇവരില്‍ 1725 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇനി 49 കുട്ടികളെ കൂടി കണ്ടെത്താനുണ്ട്​. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.കെ. മുനീര്‍ എംഎല്‍എയുടെ സബ്‌മിഷന്​ മറുപടിയായാണ്​ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​. 

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്​ വ്യാജ ആരോപണങ്ങളാണ്​.  ഈ വിഷയത്തില്‍ സര്‍ക്കാരും പോലീസ് സംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടുണ്ട്. പ്രതിയായ ആന്ധ്രാ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. കോഴിക്കോട് കക്കോടി, ചെലപ്പുറത്ത് ഉണ്ടായത് കുട്ടിയുടെ കഴുത്തില്‍നിന്ന് മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു​.

ഭിക്ഷാടനത്തിനായോ മറ്റ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതിനുവേണ്ടിയോ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുന്നതിന് ക്രൈം ബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിംഗ് സെല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കാണാതാകുന്ന കുട്ടികളെ ദ്രുതഗതിയില്‍ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി കര്‍മ്മപദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.