തേവള്ളിയില്‍ സ്വീവേജ് പ്ലാന്റിന് നീക്കം; പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്ത്

Tuesday 6 February 2018 12:56 pm IST

 

കൊല്ലം: തേവള്ളി ഡിവിഷനില്‍ സ്വീവേജ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തടഞ്ഞു. ഇന്നലെ രാവിലെ എട്ടരയോടെയാണ് തേവള്ളി ഡിപ്പോപുരയിടത്തില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പണി തുടങ്ങിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കുകയും കൗണ്‍സിലറുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനം തടയുകയും ചെയ്തു. കുരീപ്പുഴയിലെ ചണ്ടിഡിപ്പോയില്‍ സ്വീവേജ് പ്ലാന്റ് ആരംഭിക്കാനുള്ള നീക്കം മുന്‍കാല ഇടതുഭരണസമിതികള്‍ നിരന്തരം നടത്തിയെങ്കിലും പ്രദേശവാസികളുടെ ശക്തമായ സമരത്തിന്റെ ഫലമായി പദ്ധതി ഉപേക്ഷിച്ചിരുന്നു. ഈ പദ്ധതിയാണ് ജനവാസകേന്ദ്രമായ ഡിപ്പോപുരയിടത്തില്‍ നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചത്. കക്കൂസ് മാലിന്യങ്ങള്‍ അടക്കം സംസ്‌കരിക്കാനുള്ളതാണ് സ്വീവേജ് പ്ലാന്റ്. ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതിനായി ഡിപ്പോപുരയിടത്തില്‍ കണ്ടെത്തിയ വസ്തുവാകട്ടെ വാട്ടര്‍ അതോറിട്ടിയുടെ വകയാണ്. മുപ്പത് സെന്റോളം സ്ഥലമാണ് വാട്ടര്‍അതോറിട്ടിക്ക് ഇവിടെ ഉള്ളത്. എന്നാല്‍ ഇതിന് നാലുഭാഗത്തും തൊഴിലാളികുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഡിപ്പോപുരയിടത്തിലെ നീറുന്ന പല പ്രശ്‌നങ്ങളും കൗണ്‍സിലില്‍ ഉന്നയിച്ചിട്ടും പരിഹരിച്ചുനല്‍കാത്ത കോര്‍പ്പറേഷന്‍ ഭരണകൂടം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തില്‍ പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടുപോയാല്‍ ശക്തമായി ചെറുക്കുമെന്ന് ബിജെപി കൗണ്‍സിലര്‍ ബി.ഷൈലജ പറഞ്ഞു. ജനകീയ പ്രതിഷേധത്തിന്റെ ഫലമായി മേയറോടും മറ്റും ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിസഹായവസ്ഥ അറിയിക്കുകയും തിരികെ പോകുകയും ചെയ്തു. തേവള്ളി ഡിവിഷനില്‍ പദ്ധതി നടപ്പാക്കുന്നത് ശക്തമായി ചെറുക്കുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.