തമിഴ് പൂവിപണിയില്‍ തോന്നിയ വില

Tuesday 6 February 2018 12:59 pm IST

 

പുനലൂര്‍: കേരളത്തില്‍ ജനുവരി ആദ്യവാരം മുതല്‍ വിവാഹ ആവശ്യങ്ങള്‍ക്കായി പൂവിന്റെ ആവശ്യകത ഏറിയതോടെ തമിഴ് പൂവിപണി അമിത വില ഈടാക്കുന്നു. പന്തല്‍ ഒരുക്കാനും, അലങ്കാരത്തിനും, മാല, ബൊക്ക, വാഹനാലങ്കാരം എന്നിവയ്ക്കും കേരളത്തില്‍ വ്യാപകമായി തമിഴ്‌നാട്ടില്‍ നിന്നും പൂവ് വാങ്ങാറുണ്ട്. ഇത് മുതലാക്കിയാണ് വന്‍ ലാഭം കൊയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച കൂടുതല്‍ വിവാഹമുണ്ടായിരുന്നു. ശനിയാഴ്ച മുല്ല പൂവിന് റിക്കാര്‍ഡ് വിലയാണ് ഈടാക്കിയത്. ഒരു കിലോ മുല്ല പൂവിന് 7500 രൂപയാണ് വാങ്ങിയത്. ഇതേ പൂവ് തിങ്കളാഴ്ച 4500 ആയി കുറഞ്ഞു. കല്യാണ ആവശ്യക്കാരുടെ ഓഡര്‍ കൂടുന്ന മുറയ്ക്കാണ് വിലയും കൂടുന്നത്. കേരളത്തില്‍ പ്രത്യേകിച്ച് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പൂവ് വില നിശ്ചയിക്കുന്നത് ശങ്കരന്‍ കോവിലിലെ മൊത്തവ്യാപാരികളാണ്. തലേ ദിവസം ഓഡര്‍ ലഭിക്കുന്നതോടെ ചെറുകിട കര്‍ഷകരില്‍ നിന്ന് തുശ്ച വിലയ്ക്ക് എടുക്കുന്ന പൂവ് വന്‍വിലയ്ക്ക് കേരളാ വ്യാപാരികള്‍ക്ക് ലേലത്തില്‍ നല്‍കുകയാണ് പതിവ്. ഈ വിലവിവര പട്ടിക കേരളത്തിലെ പത്രങ്ങളില്‍ വരാറില്ലെന്നതിനാല്‍ യഥാര്‍ത്ഥ വിലയിലും കുട്ടി കേരളമാര്‍ക്കറ്റിലും വില്‍ക്കുന്നതിലൂടെ കല്യാണ ആവശ്യക്കാര്‍ വന്‍ വിലയാണ് നല്‍കേണ്ടി വരുന്നത്. എന്നാല്‍ തമിഴ് വംശജര്‍ ഏറെയുള്ള പുനലൂരില്‍ ദിനതന്തി പോലുള്ള പത്രം നോക്കി മാര്‍ക്കറ്റു വിലയില്‍ പൂവാങ്ങി വിവാഹ ആവശ്യക്കാര്‍ക്ക് വിപണി വിലയിലും താഴ്ത്തി പൂവും, മാലയും നല്‍കുന്നവരും ഏറെയാണ്. കല്യാണ ആവശ്യത്തിന് മുല്ല പൂവാണ് ഏറെ വേണ്ടുന്നതെന്നതിനാല്‍ മുല്ലയുടെ വിലയും ഇങ്ങനെ തോന്നിയപോലെ മുന്നോട്ടു പോകും. ഈ കാലയളവില്‍ പൂവിന് പുറമെ നാരങ്ങ, വഴയില, പച്ചക്കറി, വാഴപ്പഴം എന്നിവക്കും തമിഴ് മാര്‍ക്കറ്റ് നിശ്ചയിക്കുന്നതാണ് വില. ഇന്നലെ മുല്ല (ഒരു കിലോ)-1400, റോസ്- 250, പിച്ചിബ-1100, അരുളി - 350, അരുളി (കടും ചുവപ്പ്)-450, ബന്തി-90, ട്യൂബ് റോസ്-300 എന്നിങ്ങനെയാണ് വിപണി വില.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.